കൊടുങ്ങല്ലൂർ: മദ്യവിരുദ്ധ സമിതിയുടെ എതിർപ്പുകൾ അവഗണിച്ച് ശാന്തിപുരത്ത് ബാർ ഹോട്ടൽ തുറന്നതിനെതിരെ മദ്യവിരുദ്ധ സമിതി പ്രതിഷേധ പ്രകടനവും കരിദിനാചരണവും നടത്തി. സമരം നടന്നു വരുന്നതിനിടയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് ബാർ പ്രവർത്തനമാരംഭിച്ചത്.
ഇതേത്തുടർന്ന് ബാറിന് പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് മദ്യ വിരുദ്ധ സമിതി ഇന്നലെ ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനം ബാർ ഹോട്ടൽ പരിസരത്ത് പൊലീസ് തടഞ്ഞു. ഹോട്ടൽ പരിസരത്തെ സമരപ്പന്തലിലേക്ക് പോകാൻ അനുവദിക്കണമെന്ന പ്രകടനക്കാരുടെ നിലപാട് പൊലീസ് ആദ്യം അംഗീകരിച്ചില്ലെങ്കിലും സർക്കിൾ ഇൻസ്പെക്ടർ പി.കെ പത്മരാജനുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് പ്രകടനം സമരപ്പന്തലിലേക്ക് കടത്തിവിട്ടു. തുടർന്ന് പ്രതിഷേധക്കാർ സമരപ്പന്തലിൽ യോഗം ചേർന്നു. സമരം നടന്നു കൊണ്ടിരിക്കുന്നതിനിടയിലും ബാർ ഹോട്ടലിന്റെ പ്രവർത്തനം തുടർന്നു...