കൊടുങ്ങല്ലൂർ: ലോകമലേശ്വരം സർവീസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും നിലവിൽ പ്രസിഡന്റുമായ ഐ.കെ ഗോവിന്ദന്റെ (ഇറ്റിത്തറ) നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി പാനലിന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി ആക്ഷേപം. പാനലിലെ വനിതാ സ്ഥാനാർത്ഥികളിലൊരാളുടെ മാത്രം തല വെട്ടിമാറ്റി, ഫ്ലക്സ് ബോർഡുകൾ വികൃതമാക്കുന്ന നടപടിയാണ് അരങ്ങേറുന്നത്. നിലവിലെ ബോർഡംഗം കൂടിയായ ഈ വനിതാ സ്ഥാനാർത്ഥി, നേരത്തെ എതിർ പക്ഷത്തെ പ്രതിനിധിയായാണ് ബാങ്ക് ഭരണ സമിതിയിലെത്തിയത്. പിന്നീട് കൂറ് മാറി ഔദ്യോഗിക പക്ഷത്തേക്ക് മാറുകയായിരുന്നു. ഫ്ളക്സ് ബോർഡുകൾ നശിപ്പിക്കുന്ന സംഭവത്തിൽ സഹകരണ ജനാധിപത്യ മുന്നണി യോഗം പ്രതിഷേധിച്ചു. തോൽവി മുൻകൂട്ടി കണ്ട് എതിർചേരിയിലുള്ള ചിലരാണ് ഇത്തരം തറ വേലകളുമായി ഇറങ്ങിയിരിക്കുന്നതെന്നും ഇത്തരക്കാരെ നിലയ്ക്ക് നിറുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഇലക്‌ഷൻ കമ്മിറ്റി ചെയർമാനുമായ ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ടി.എം. നാസർ, അഡ്വ. വി. എം മൊഹീയുദ്ദീൻ, പ്രൊഫ: കെ.കെ. രവി, പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, കെ.പി. സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു...