തൃശൂർ: ലോട്ടറി അടിച്ചെന്നും ടാക്സ് അടയ്ക്കാനും മറ്റും മുൻകൂർപണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ച് ഏതാനും മാസം മുമ്പ് രണ്ട് യുവാക്കളുടെ പന്ത്രണ്ട് ലക്ഷം തട്ടിയതിന് പിന്നാലെ കഴിഞ്ഞ ആഴ്ച അഞ്ച് പേരിൽ നിന്ന് 2.73 ലക്ഷം കൂടി ഇതര സംസ്ഥാന മാഫിയ കവർന്നു. വിളിക്കുന്നവരുടെ അക്കൗണ്ട്, ഫോൺ നമ്പറുകൾ വ്യാജമായതിനാൽ പൊലീസ് അന്വേഷണവും വഴിമുട്ടുകയാണ്.
തട്ടിപ്പിന് ഇരയാകുന്നവരിൽ ബാങ്ക് ഉദ്യോഗസ്ഥനും ഫോറസ്റ്റ് ഓഫീസറും വരെയുണ്ടെങ്കിലും അപമാന ഭയത്താലും പണം തിരികെ കിട്ടാൻ സാദ്ധ്യതയില്ലാത്തതിനാലും പരാതി കൊടുക്കാൻ മടിക്കുകയാണ് പലരും. 25 ലക്ഷം ലോട്ടറിയടിച്ചുവെന്നും സർവീസ്, കൊറിയർ ചാർജുകൾ അടച്ചാൽ പണം നൽകാമെന്നും പറഞ്ഞാണ് വിളിക്കുന്നത്. ഹിന്ദിയോ ഇംഗ്ളീഷോ കുറച്ചെങ്കിലും അറിയുന്നവരെയും ഉന്നത ഉദ്യോഗസ്ഥരെയുമാണ് തട്ടിപ്പുകാർ നോട്ടമിടുന്നത്. പുത്തൻപള്ളിക്ക് സമീപത്തെ കർട്ടൻ സ്റ്റാൾ ഉടമയിൽ നിന്ന് ഓൺലൈൻ ഓർഡറിലൂടെയും പണം കവർന്നു.
മൊബൈൽ കമ്പനികളിൽ നിന്നും വിളിക്കുന്നുവെന്ന വ്യാജേന വാട്‌സ് ആപ്, ഫേസ്ബുക്ക് എന്നിവയിലൂടെ ആധാർ നമ്പറും വൺ ടൈം പാസ്‌വേഡും ചോദിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്. 12 അക്ക ആധാർ നമ്പർ നൽകാനാണ് ആദ്യം ആവശ്യപ്പെടുക. ഈ നമ്പർ നൽകിയാൽ ഫോണിലേക്ക് വരുന്ന വൺ ടൈം പാസ്‌വേഡ് തരാൻ പറയും. അതോടെ അക്കൗണ്ടിലെ പണം നഷ്ടമാകും. ശനിയാഴ്ച ലഭിച്ച പരാതിയിൽ ഉടൻ തൃശൂരിലെ സൈബർ സെൽ ഇടപെട്ടിരുന്നു. ബ്ളോക്ക് ചെയ്തതിനാൽ അക്കൗണ്ടിലുണ്ടായിരുന്ന 52,000 രൂപ നഷ്ടപ്പെട്ടില്ല. പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് വന്ന ഉടൻ മറ്റ് വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റും. ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമീണ മേഖയിലുള്ളവരുടെ പേരിലായിരിക്കും മിക്കവാറും അക്കൗണ്ടുകൾ. അതുകൊണ്ടു തന്നെ അന്വേഷണം വഴിമുട്ടും.
തട്ടിപ്പ് രീതികൾ:
1. വ്യാജ ഒ.എൽ.എക്‌സിലൂടെയും ഓൺലൈനിലൂടെയുമുളള വിപണനവും കൈമാറ്റവും വാങ്ങലും വഴി
2. ഹോട്ടലുടമകളുടെ അക്കൗണ്ടിലെ പണം തട്ടാൻ ഭക്ഷണവും മുറിയും ബുക്ക് ചെയ്ത്.
3. സന്ദേശം തെറ്റി അയച്ചെന്നും, പണം അയച്ചത് ഉറപ്പിക്കാൻ മൊബൈലിൽ ലഭിച്ച ഒ.ടി.പി. നമ്പർ നൽകണമെന്നും പറഞ്ഞ്
4. ഡാറ്റാ എൻട്രി, ജോലി ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ വഴി, എ.ടി.എം, ഫോൺ നമ്പറിലൂടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് വഴി..
ശ്രദ്ധിക്കാൻ
1. പരിചയമില്ലാത്ത കോളുകൾക്ക് മറുപടിയായി ബാങ്ക്, പണമിടപാട് വിവരങ്ങൾ കൈമാറരുത്.
2. സുഖിപ്പിക്കുന്ന സംസാരം സൂക്ഷിക്കുക. രഹസ്യനമ്പർ കൈക്കലാക്കാനുള്ള തന്ത്രമായിരിക്കും.
3. ബാങ്ക്, ഇൻകം ടാക്‌സ്, പൊലീസ് വകുപ്പുകളൊന്നും ആരുടെയും രഹസ്യനമ്പറുകൾ ചോദിക്കാറില്ല.
4. പണം നഷ്ടപ്പെട്ടാലുടൻ ബാങ്കിൽ അറിയിച്ച് എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യുക.
5. രണ്ട് മണിക്കൂറിനകം സൈബർ സെല്ലിലോ, തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ പരാതി നൽകുക.
അന്വേഷണം ഊർജ്ജിതം
'' ഉടനെ പരാതിപ്പെട്ടാൽ തട്ടിപ്പുകാർ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതും മറ്റും തടയാനാകും. വ്യാജ അക്കൗണ്ടുകളും നമ്പറുകളും ആയതിനാൽ കുറ്റവാളികളെ പിടികൂടുന്നതും പണം വീണ്ടെടുക്കുന്നതും പ്രയാസകരമാണ്. എന്നിരുന്നാലും കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം തുടരുന്നുണ്ട് ''
-സൈബർ സെൽ