കൊടുങ്ങല്ലൂർ : ടിക് - ടോക്ക് വഴിയുണ്ടാക്കിയ സൗഹൃദത്തിലൂടെ ബന്ധം സ്ഥാപിച്ച് കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ തൃശൂർ പെരിങ്ങാവ് സ്വദേശി അറസ്റ്റിലായി. കൊട്ടേക്കാട്ടിൽ അഖിൽ രൂപേഷ് (23) എന്നയാളെയാണ് സി.ഐ. പി.കെ. പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ടിക് - ടോക്ക് വഴി പരിചയമുണ്ടാക്കിയെങ്കിലും പെൺകുട്ടിയെ നേരിട്ട് കാണാനായി തൃശൂരിലേക്ക് വിളിച്ചുവരുത്തി മോട്ടോർ സൈക്കിളിൽ ചുറ്റിക്കറങ്ങുകയും പിന്നീട് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. ഇതേസമയം പ്രതി ടിക്- ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. അതിനാൽ ഇയാളെകുറിച്ച് വിവരം ലഭിക്കാത്ത സാഹചര്യമുണ്ടായി. പെൺകുട്ടിയിൽ നിന്ന് ലഭിച്ച ചില സൂചനകളുടെയും, സൈബർ സെല്ലിന്റെയും സഹായത്തോടെ, സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രങ്ങളുടെ സഹായത്തോടെയുമാണ് പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.ആർ. പ്രദീപ്, സുനിൽകുമാർ, പൊലീസുകാരായ ഗോപൻ, ഉമേഷ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ തേജസ് എന്നിവരുമുണ്ടായിരുന്നു.