തൃശൂർ: സിഗ്‌നൽ സംവിധാനത്തിലെ സമയ ക്രമീകരണത്തിലെ പാളിച്ചകളെ തുടർന്ന് പാട്ടുരായ്ക്കൽ - പെരിങ്ങാവ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം താത്കാലികമായി നിറുത്തിവെച്ചു. സിഗ്‌നൽ സംവിധാനത്തിലെ അപാതകൾ മൂലം വാഹന ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ബസുടമകൾ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. പാട്ടുരായ്ക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്‌നൽ സംവിധാനത്തിൽ പെരിങ്ങാവ്, പൂങ്കുന്നം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ടൈമിംഗ് കുറച്ച് വെച്ചതും, പെഡസ്ട്രിയൽ ക്രോസിംഗ് സ്ഥാപിക്കാത്തതുമാണ് കുരുക്കിന് കാരണമായത്. പെരിങ്ങാവ് ജംഗ്ഷനിലെ സിഗ്നൽ സംവിധാനം പൂർത്തിയാകും മുമ്പ് ട്രയൽ റൺ നടത്തിയതാണ് പെരിങ്ങാവ് വിയ്യൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുരുക്കിൽപെടാൻ കാരണമായത്. സിഗ്നൽ സംവിധാനത്തിലെ അപാകതകൾ കമ്മിഷണർ നേരിട്ട് പരിശോധിച്ച ശേഷമാണ് നിറുത്തിവെയ്ക്കാൻ ട്രാഫിക് പൊലീസിന് നിർദ്ദേശം നൽകിയത്. സിഗ്‌നൽ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനായി അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിൽ കെൽട്രോണിലെ വിദഗ്ദ്ധ സംഘം പരിശോധന നടത്തും..