road
തകർന്നുകിടക്കുന്ന മങ്ങാട് ചിറ്റണ്ട റോഡ്

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് ചിറ്റണ്ട റോഡിലൂടെയുള്ള വാഹന ഗതാഗതം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചിറ്റണ്ട സെന്റർ മുതൽ കാർത്യായനി ഭഗവതി ക്ഷേത്രം വരെയുള്ള റോഡാണ് തകർന്നു കിടക്കുന്നത്. വർഷങ്ങളായി പുനർനിർമ്മാണം നടത്താത്തതിനാൽ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. ചിറ്റണ്ട യു.പി സ്കൂളിലേക്കു നടന്നു പോകുന്ന ചെറിയ കുട്ടികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികളുടേയും വഴിയാത്രക്കാരുടേയും മഴക്കാലത്തുള്ള യാത്ര ദുർഘടം പിടിച്ചതാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം തെറിച്ച് വീട്ടിലേക്ക് മടങ്ങിപോകേണ്ട അവസ്ഥയാണുള്ളത്. റോഡിൽ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടങ്ങളുണ്ടാകുന്നതും നിത്യസംഭവമാണ്. പ്രദേശത്തേക്ക് വാടകക്ക് വിളിച്ചാൽ ചെറുവാഹനങ്ങൾ ഒന്നും വരാറില്ലെന്നും നാട്ടുകാർ പറയുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.