collect
മല്ലികയെ കാണാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് എത്തിയപ്പോൾ

ചാഴൂർ : വടിവാൾ വീശി ഭയപ്പെടുത്തി ആഹാരം കൊടുക്കാതെ പൂട്ടിയിട്ടതിനെ തുടർന്ന് പൊലീസും, ജനപ്രതിനിധികളും ചേർന്ന് ആശുപത്രിയിലാക്കിയ ചാഴൂർ സ്വദേശി മല്ലികയെ (73) ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് രാമവർമ്മപുരത്തെ വൃദ്ധസദനത്തിൽ പാർപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് ചാഴൂർ വേലുമാൻപടി സ്വദേശി കരിക്കന്ത്ര വീട്ടിൽ മല്ലിക എന്ന വയോധികയെ മകന്റെ തടങ്കലിൽ നിന്ന് അന്തിക്കാട് എസ്.ഐ സുജിത്ത് ജി. നായരും, ജനപ്രതിനിധികളും ചേർന്ന് മോചിപ്പിച്ച് ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നത്. ഇടിഞ്ഞു വീഴാറായ വീട്ടിൽ ഭക്ഷണം പോലും ലഭിക്കാതെ കഴിയുകയായിരുന്നു മല്ലിക. ഇവരെ കാണാനെത്തുന്നവരെ മകൻ ജ്യോതി വടിവാൾ വീശി ഓടിപ്പിച്ചു. ഇവരുടെ കദന കഥ കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ടു. ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ്, മല്ലികയുടെ അടുത്തെത്തി വിവരങ്ങൾ തിരക്കി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് കളക്ടർ പറഞ്ഞു. തുടർന്ന് മല്ലികയെ മകളുടെ സാന്നിദ്ധ്യത്തിൽ രാമവർമ്മപുരത്തെ വൃദ്ധ സദനത്തിലേക്ക് കൊണ്ടുപോയി. ആർ.ഡി.ഒ : വിഭൂഷണൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് ബെന്നി സെബാസ്റ്റ്യൻ, മാർഷൽ സി. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, സെക്രട്ടറി എം.എസ് ജോസ്, ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാർ, സ്നേഹിത കൗൺസിലർ ദീപ ജോൺസൻ, രാധാകൃഷ്ണൻ തുടങ്ങിയവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു...