തൃശൂർ: റഷ്യൻ വിപ്ലവത്തിന് ശേഷമാണ് ലോക രാഷ്ട്രങ്ങളിലെല്ലാം സ്ത്രീകൾക്ക് തുല്യതയും വോട്ടവകാശവും കിട്ടിയതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന മുകളിൽ നിന്നുള്ള വിപ്ലവം സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ ജനാധിപത്യത്തെ നിർവചിക്കുന്ന കാലത്തും അവിടെ സ്ത്രീകൾ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ ജനനം സ്ത്രീകളുടെ ഉന്നമനത്തിന്റെയും അവകാശങ്ങളുടെയും കാര്യത്തിൽ ലക്ഷ്യം നേടിയെന്നതിന് തെളിവാണ് അവിടെ 83 ശതമാനം സ്ത്രീകളും പ്രതിഫലം കിട്ടുന്ന ജോലി ചെയ്തിരുന്നുവെന്നത്. അമേരിക്കയിൽ ഇത് 55 ശതമാനം മാത്രമായിരുന്നു. ബ്രിട്ടന്റെയും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വളർച്ചയുടെ അടിസ്ഥാനം കൊളോണിയൻ ചൂഷണമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ വളർച്ച സ്വന്തം കാലിൽ നിന്നുകൊണ്ടായിരുന്നു. ഇന്ത്യയിൽ അടിസ്ഥാന വ്യവസായം വളരുന്നതിന് അടിത്തറ സോവിയറ്റ് യൂണിയനായിരുന്നു. രാജ്യ വളർച്ചയ്ക്ക് അത്താണിയായ പഞ്ചവത്സര പദ്ധതി സോവിയറ്റ് യൂണിയൻ വിഭാവനം ചെയ്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാവുമ്പായി ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയ, സെക്രട്ടറി ടി. സത്യനാരായണൻ, പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കെ. പ്രദീപ് കുമാർ, കെ.പി.എൻ അമൃത തുടങ്ങിയവർ പ്രസംഗിച്ചു..