ഗുരുവായൂർ: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നഗരസഭാ ടൗൺഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നത്. എന്നാൽ പ്രമേയം അവതരിപ്പിക്കുന്നതിന് ചെയർപേഴ്സൺ അനുമതി നിഷേധിച്ചു. ഇതേ തുടർന്നായിരുന്നു ബഹളം. കോൺഗ്രസിലെ ആന്റോ തോമസാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാൽ ഈ വിഷയം പൊലീസിൽ പരാതി നൽകിയിട്ടുള്ളതാണെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതിന് അനുസരിച്ച് നടപടികൾ എടുക്കുമെന്നും ചെയർപേഴ്സൺ വി.എസ്. രേവതി അറിയിച്ചു. കുറ്റം ആരോപിക്കപ്പെട്ട താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയിട്ടുള്ളതായും അതിനാൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാനാവില്ലെന്നും ചെയർപേഴ്സൺ അറിയിച്ചു.
മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ചെയർമാന്റെ ചേംബറിൻ മുന്നിലെത്തിയതോടെ ഭരണപക്ഷവനിതാ കൗൺസിലർമാർ ചെയർമാന് സംരക്ഷണമൊരുക്കി ചുറ്റും വലയം തീർത്തു. ഇതോടെ ഇരുപക്ഷവും തമ്മിൽ വാക്കുതർക്കമായി. ഉടൻ അജണ്ടകൾ വായിച്ചു തീർത്ത് ചെയർപേഴ്സൺ കൗൺസിൽ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.