ഒല്ലൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗത്തിൽപെട്ട സ്ത്രീയുടെ സംസ്കാര ശുശ്രൂഷയും അടക്കവും ഓർത്തഡോക്‌സ് വിഭാഗം തടഞ്ഞു. തുടർന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കണ്ണാറ പള്ളിയിലേക്ക് സംസ്കാരം മാറ്റി. ആശാരിക്കാട് നേരിച്ചിനാളിൽ സ്‌കറിയ ഭാര്യ അന്നമ്മയാണ് (88) കഴിഞ്ഞ ദിവസം മരിച്ചത്.

മൃതദേഹ സംസ്‌കാരത്തിനായി മാന്ദാമംഗലം പള്ളി അധികൃതരെ സമീപിച്ചെങ്കിലും യാക്കോബായ വിശ്വാസിയായതിനാൽ ഈ പള്ളിയിൽ അടക്കാനാകില്ലെന്ന് പള്ളി അധികൃതർ അറിയിച്ചു. എന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തിലെ വൈദികരെ സംസ്‌കാര ശുശ്രൂഷയ്ക്ക് അനുവദിച്ചാൽ സംസ്‌കാരപരിപാടികൾ അനുവദിക്കുമെന്ന് ഓർത്തഡോക്‌സ് വിഭാഗം പറഞ്ഞെങ്കിലും യാക്കോബായ വിഭാഗം അത് തിരസ്‌കരിച്ചു. തുടർന്ന് തൃശൂർ എ.സി.പി രാജുവുമായി ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു. കോടതി ഉത്തരവ് നിലവിലുള്ളതിനാൽ പള്ളിയിൽ ചടങ്ങുകൾ നടത്താനാകില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്ന് സംസ്‌കാരത്തിനായി കണ്ണാറ യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോയി.