കുന്നംകുളം : അനധികൃത പണമിടപാട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ തോക്കും ആയുധങ്ങളുമടക്കം യുവാവ് പിടിയിലായി. കുന്നംകുളം അടുപ്പൂട്ടികുന്നു മുക്കിലശ്ശേരി വിജു എന്ന കൊമ്പൻ ബിജുവിനെയാണ് (46) കുന്നംകുളം സി.ഐ. കെ.ജെ സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് എയർഗൺ, വാളുകൾ, രണ്ടു കത്തികൾ, ആണികൾ ഉറപ്പിച്ച ഇരുമ്പു വടി, രണ്ടു ഭൂമികളുടെ ആധാരങ്ങൾ എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വസ്തുക്കൾ പണയപ്പെടുത്തി പണമിടപാട് നടത്തുന്നുവെന്ന് തൃശൂർ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം കുന്നംകുളം സി.ഐയാണ് കോടതി അനുമതിയോടെ ശനിയാഴ്ച രാവിലെ ബിജുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സി.പി.എം സജീവ പ്രവർത്തകനായിരുന്നു...