തൃശൂർ: വൺടൈം പാസ് വേഡ് (ഒ.ടി.പി നമ്പർ) ശേഖരിച്ച് അക്കൗണ്ടുകളിൽ നിന്നുള്ള പണം തട്ടിപ്പിന് പിന്നാലെ ആഡംബര കാറുകൾ, ബൈക്കുകൾ, മൊബൈലുകൾ വാച്ചുകൾ, ടൂർ പാക്കേജുകൾ തുടങ്ങിയ ആകർഷക ഓഫറുകൾ കാണിച്ച് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പുകളും വ്യാപകമാകുന്നു. തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

യുവാക്കൾ, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കരുവാക്കി വലിയ തുകകളാണ് പലരിൽ നിന്നും തട്ടിയെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ 50,000 മുതൽ നിശ്ചിത തുക നിക്ഷേപിക്കുക, തുടർന്ന് കമ്മിഷനും വരുമാനവും കൂട്ടാൻ കൂടുതൽ ആളെ ചേർത്ത് പണം നൽകാതെ വഞ്ചിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തിയാണ് യുവാക്കളെ ഇത്തരം ചതിക്കുഴികളിൽ വീഴ്ത്തുന്നതെന്ന് പൊലീസ് പറയുന്നു. നേരത്തെ തട്ടിപ്പ് കണ്ടെത്തി തടഞ്ഞ കമ്പനിയിലുണ്ടായിരുന്നവർ തന്നെ മറ്റൊരു കമ്പനിയുടെ പേരിലും രംഗത്ത് വീണ്ടും സജീവമായിട്ടുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻപ് വ്യാപകമായിരുന്ന മണിചെയിൻ തട്ടിപ്പുകൾ പിടികൂടിയതിനെ തുടർന്ന് ഇല്ലാതായെങ്കിലും, ഇടവേളയ്ക്ക് ശേഷം പ്രൊഫഷണൽ വിദ്യാർത്ഥികളെയും അഭ്യസ്തവിദ്യരായ യുവാക്കളെയും വമ്പൻ ഓഫറുകൾ നൽകി ആകർഷിച്ച് പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന വാഗ്ദാനങ്ങൾ കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

തൃശൂർ കോടതിയിൽ എണ്ണൂറോളം കേസുകളുള്ള നാനോ എക്‌സൽ കമ്പനിയിലുൾപ്പെടെ കോടികളാണ് ജില്ലയിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നായി നഷ്ടപ്പെട്ടത്. നാനോ എക്‌സൽ തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്നതിന് മാത്രമായി കോടതി ആരംഭിച്ചിരുന്നു.

മക്കളുടെ ഭാവി ഓർത്ത് പരാതികളില്ല
വിദ്യാർത്ഥികളെ കെണിയിലാക്കി മണിചെയിൻ തട്ടിപ്പ് വ്യാപകമാകുമ്പോൾ, മക്കളുടെ ഭാവി ഓർത്ത് പുറത്തു പറയാൻ മടിക്കുന്നതും പരാതി കൊടുക്കാതിരിക്കുന്നതുമാണ് തട്ടിപ്പുകാർക്ക് വളമാകുന്നത്. തട്ടിപ്പിന് പിന്നിൽ വൻസംഘം ഉണ്ടാകുമെങ്കിലും മുന്നിൽ നിറുത്തിയിരിക്കുന്നത് വിദ്യാർത്ഥികളെ തന്നെയാണ്. വിദ്യാർത്ഥികൾക്ക് പോക്കറ്റ് മണിയായി നൽകുന്ന പണമാണ് കൂട്ടുകാരിലൂടെ മണിചെയിനിലേക്ക് വഴിമാറ്റുന്നത്. രക്ഷിതാക്കൾ അറിയുമ്പോഴേയ്ക്കും ഈ വലയിൽ വീണ് അവർ വഞ്ചിതരായിരിക്കും. നിക്ഷേപം വാങ്ങി ചേരുന്നവർക്ക് സാധനങ്ങൾ നൽകുകയും അവർക്ക് കീഴിൽ കൂടുതൽ ആളുകളെ ചേർക്കാൻ ആവശ്യപ്പെട്ടുമാണ് നെറ്റ്‌വർക്കിംഗ്, മണിചെയിൻ തട്ടിപ്പുകൾ കേരളത്തിൽ വർഷങ്ങൾക്കു മുൻപ് വേരുറച്ചത്. സാധനങ്ങൾ വിൽക്കുന്നതിലുള്ള കമ്മിഷനും ചേരുന്നവർ നൽകുന്ന തുകയുടെ ഓഹരിയും ചേർന്നാൽ ഏതാനും മാസം കൊണ്ട് ലക്ഷാധിപതിയാകും എന്നാണ് ഇത്തരം കമ്പനികൾ ചെറുപ്പക്കാരെ വിശ്വസിപ്പിക്കുന്നത്. പത്തോളം കമ്പനികൾ മണിചെയിൻ തട്ടിപ്പ് നടത്തി സംസ്ഥാനത്തുനിന്ന് കോടികൾ തട്ടിയെടുത്തിരുന്നു.