തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കുതിരാനിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ കരാർ കമ്പനിയുടെ ക്രമക്കേടിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ കത്ത് നൽകി. മലയിടിച്ചിൽ തടയുന്നതിന് കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതിന് പകരമാണ് മണൽ ചാക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ്.
കരാറുകാരായ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. പാലാരിവട്ടം പാലം നിർമ്മിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വ്യാപകമായ ചർച്ച നടക്കുന്ന ഘട്ടത്തിലാണ് ഇത്തരം കള്ളക്കളി നടക്കുന്നത്.
ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുകളുണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാത്ത സമീപനമാണ് കരാർ കമ്പനിയുടെയും ദേശീയപാതാ അതോറിട്ടിയുടെ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ദേശീയപാതയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 58 പേർ അപകടത്തിൽ മരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിലെ സ്തംഭനാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ ടി.എൻ. പ്രതാപൻ എം.പി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വസ്തുതകൾക്ക് നിരക്കാത്ത വിശദീകരണമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. മന്ത്രി തന്നെ വിളിച്ചു ചേർത്ത യോഗത്തിൽ ജനുവരി 30നുള്ളിൽ ഒരു തുരങ്കം തുറക്കുമെന്ന് ഉറപ്പുനൽകിയിട്ടും അതൊന്നും നടപ്പാക്കാനായിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ട നടപടി എത്രയും വേഗമുണ്ടാകണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.