food

തൃശൂർ: ഒരു ചിക്കൻ ബിരിയാണി, മൂന്ന് ചപ്പാത്തി, കോഴിക്കറി, ഒരു ബോട്ടിൽ മിനറൽ വാട്ടർ. മധുരത്തിന് ഒരു കപ്കേക്കും. ഹോട്ടലിൽ നിന്ന് ചൂടോടെ ഇത്രയും വിഭവങ്ങൾക്ക് 250 രൂപയെങ്കിലും നൽകണം. ഇവിടെ വില 127 രൂപ മാത്രം. ഓൺലൈനിൽ ഓർഡർ ചെയ്താൽ 10 മിനിട്ടിനുള്ളിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ആവശ്യമുള്ളിടത്ത് എത്തും. ജയിലിന്റെ ആറു കിലോമീറ്റർ ചുറ്റളവിലായിരിക്കണമെന്ന് മാത്രം. ഓൺലൈൻ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി കൈകോർത്താണ്‌ വിയ്യൂർ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്ന് ഭക്ഷണം ഓൺലൈൻ വഴി പുറത്തേക്കെത്തുന്നത്.
ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പിയായശേഷം നൽകിയ നിർദ്ദേശപ്രകാരമാണിത്. അത് ആദ്യം നടപ്പിലാക്കുകയാണ് വിയ്യൂർ ജയിൽ. 'ഫ്രീഡം കോംപോ ലഞ്ച്' എന്ന പേരിലുള്ള ഓൺലൈൻ വിതരണം ഈമാസം 11ന് ആരംഭിക്കും. പ്രത്യേക ടിന്നുകളിൽ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പർ ബാഗിലാണ് ലഭിക്കുക. അടുത്തിടെ ഒന്നരക്കോടി രൂപ ചെലവഴിച്ച് ഇവിടത്തെ അടുക്കള ഹൈടെക്കാക്കിയിരുന്നു. വിതരണം: രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ

വിഭവങ്ങൾ
1. 300 ഗ്രാം ബിരിയാണി റൈസ്
2. റോസ്റ്റഡ് ചിക്കൻ ലെഗ് പീസ്
3. മൂന്ന് ചപ്പാത്തി
4. ചിക്കൻ കറി
5. മിനറൽ വാട്ടർ
6. കപ്കേക്ക്
7 സലാഡും അച്ചാറും

വില : 127
വെള്ളം വേണ്ടെങ്കിൽ: 117


കൂടുതൽ വിഭവങ്ങൾ ഓൺലൈൻ വഴി രണ്ടാംഘട്ടത്തിൽ വിതരണം ചെയ്യും. തുടക്കത്തിൽ പ്രതിദിനം നൂറ് ഫ്രീഡം കോംപോ ലഞ്ച് വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്.

- നിർമ്മലാനന്ദൻ, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്