തൃശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ വിദേശികൾ ഉൾപ്പെടെയുള്ള 20 പേരെ പ്രവേശിപ്പിച്ചതിനു പിന്നാലെ കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിലെ അന്തേവാസികളായ 35 പേരെക്കൂടി അടുത്തയാഴ്ച പാർപ്പിക്കും. ഭീകരവാദ, രാജ്യദ്രോഹ കുറ്റങ്ങളുടെ പേരിൽ തടവ് അനുഭവിക്കുന്ന 20 പേരെയാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവരിൽ അഞ്ച് പേർ വിദേശികളാണ്. ജയിലിൽ വീഡിയോ കോൺഫറൻസ് സംവിധാനവും ഉടൻ പ്രാബല്യത്തിൽ വരും. ഇതോടെ ജയിൽ വകുപ്പിന് ലാഭകരമാവുക ലക്ഷങ്ങളാണ്. എൻ.ഐ.എ തടവുകാരെ കോടതിയിൽ ഹാജരാക്കി മടക്കിയെത്തിക്കുന്നതിന് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. തടവുകാർക്ക് അനുസരിച്ച സുരക്ഷാ സേന, അവരുടെ എസ്‌കോർട്ട് വാഹനങ്ങൾ എന്നിവയടക്കമാണ് ഭീമമായ ചെലവ് വന്നിരുന്നത്. ഇതോടൊപ്പമായിരുന്നു കൊണ്ടു പോയി മടക്കിയെത്തിക്കുകയെന്ന സുരക്ഷാ പ്രശ്‌നം. കഴിഞ്ഞ ദിവസം വിയ്യൂരിൽ നിന്നും എൻ.ഐ.എ കോടതിയിലേക്ക് കൊണ്ടു പോയിരുന്ന പ്രതിയുമായി വാഹനം തകരാറിലായി അര മണിക്കൂറോളം വഴിയരികിൽ കിടക്കേണ്ടി വന്നിരുന്നു. ഒരു തടവുകാരന് നാല് സുരക്ഷാ സേനാംഗങ്ങൾ എന്നതാണ് കണക്ക്.
2016ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉദ്ഘാടനവും, കഴിഞ്ഞ ദിവസം ഡി.ജി.പി ഋഷിരാജ് സിംഗ് ജയിലിന്റെ പ്രവർത്തനാരംഭവും നടത്തിയിരുന്നു. സുരക്ഷാജയിലിൽ തീർത്ത വാച്ച് ടവറിൽ ആവശ്യത്തിന് ജീവനക്കാർ ഇപ്പോഴില്ല. ഇവർ അടുത്തയാഴ്ചയോടെ എത്തും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് കൂടുതൽ ആളുകളെ ഇവിടേക്ക് മാറ്റാനുള്ളത്. തിരുവനന്തപുരത്ത് നിന്നും മൂന്ന് പേരെ മാത്രമേ കൊണ്ടു വരാനുള്ളൂ. തടവുകാരെല്ലാവരെയും ഇവിടേക്ക് മാറ്റുന്നതോടെ ജയിൽ പൂർണ്ണ പ്രവർത്തനത്തിലാകും. കോടതിയിലെ വിചാരണകൾ, ബന്ധുക്കളെ കാണൽ എന്നിവ ഉൾപ്പെടെ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാവും. മുഴുവൻ സമയ അത്യാധുനിക ക്യാമറകളുടെ നിരീക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജയിലിന് സ്‌കാർപിയോൺ സുരക്ഷാ സേനയുടെ കാവലുണ്ട്.