തൃശൂർ: റോഡ് നിർമ്മാണം അശാസ്ത്രീയവും അപാകതകൾ നിറഞ്ഞതാണെന്ന് കളക്ടർ വിലയിരുത്തിയിട്ടും മണ്ണുത്തി ​- വടക്കഞ്ചേരി പാതയിലെ അപകടമരണങ്ങളുടെ കാരണം അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നത് കൊണ്ടെന്ന് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. നേർക്കാഴ്ച സമിതി സെക്രട്ടറി പി.ബി.സതീഷിന്റെ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മണ്ണുത്തി പൊലീസ് നൽകിയ മറുപടിയിലാണ് ദേശീയപാത അതോറിറ്റിയെയും കരാറുകാരെയും വെള്ളപൂശി പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ലാത്ത ദേശീയപാതയുടെ നിർമ്മാണം അശാസ്ത്രീയമാണെന്നും നിരവധി അപാകതകളുണ്ടെന്നും നിർമ്മാണ ഘട്ടത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. മണ്ണുത്തി കുതിരാൻ മേഖലയിൽ മാത്രം നിരവധി അപകട മരണങ്ങളുമുണ്ടായി. അടിപ്പാതകളും, ആവശ്യമായ സിഗ്‌നൽ സംവിധാനങ്ങളും ഇല്ലാത്തത് ഉൾപ്പെടെ ഏറെ പരാതിക്കിടയാക്കിയിരുന്നു. മുല്ലക്കര മുളയം റോഡ് ജംഗ്ഷനിൽ അടിപ്പാതയില്ലാത്തതിനാൽ റോഡ് മുറിച്ചു കടക്കുന്നവർ നിത്യേന അപകടത്തിൽപ്പെടുകയാണ്.

അപകടങ്ങൾക്ക് ഉത്തരവാദിത്വം കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും ആയിരിക്കുമെന്ന് കളക്ടറും, നേരത്തെ പൊലീസ് തന്നെയും രേഖാമൂലം വ്യക്തമാക്കിയിരുന്നു. അപകടമരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന് കേസുകളെടുത്തിട്ടുണ്ടെന്നും അപകട മരണങ്ങൾക്ക് കാരണം അശ്രദ്ധമായി വാഹനം ഓടിക്കുന്നതു കൊണ്ടാണെന്നുമാണ് പൊലീസ് മറുപടി നൽകിയിരിക്കുന്നത്. മണ്ണിടിഞ്ഞ റോഡിന്റെ വശത്ത് കല്ല് വച്ച് കെട്ടിയെടുക്കേണ്ടതിന് പകരം മണൽച്ചാക്ക് നിറച്ച് തേച്ചെടുക്കുന്ന കബളിപ്പിക്കലും പുറത്തു വന്നിട്ടും ദേശീയപാത അതോറിറ്റി കണ്ട മട്ടില്ല.

റോഡിന്റെ അശാസ്ത്രീയതയും നിർമ്മാണത്തിലെ അപാകതയും മൂലം അപകടങ്ങളും മരണങ്ങളും പെരുകുമ്പോഴാണ് അപകടങ്ങൾക്ക് കാരണം വാഹനമോടിക്കുന്നവരുടെ കുഴപ്പമാണെന്ന് ആരോപിച്ചും കരാറുകാരെ സംരക്ഷിച്ചും പൊലീസിന്റെ വിശദീകരണം.