highway-prathishedham

ദേശീയ പാതയിലെ കുഴിയിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

ചാവക്കാട്: ദേശീയ പാതയിലെ വലിയക്കുഴിയിൽ വാഴ നട്ട് നാട്ടുകാരുടെ അപകട മുന്നറിയിപ്പ്. ചേറ്റുവ പാലത്തിന് വടക്ക് ടോൾ ബൂത്ത് നില നിന്നിരുന്ന സ്ഥലത്താണ് ദേശീയ പാതയിൽ കുഴികൾ പ്രത്യക്ഷപെട്ടിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവായതോടെ അപകട മുന്നറിയിപ്പ് നൽകുന്നതിനും പ്രതിഷേധം പ്രകടിപ്പിച്ചുമാണ് നാട്ടുകാർ കുഴിയിൽ വാഴതൈ നട്ടത്.

ദിനം പ്രതി ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിലെ കുഴികൾ ബൈക്ക് യാത്രികർക്ക് വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് മൂന്നാം കല്ലിന് വടക്ക് ഭാഗത്തെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ചെടുത്ത വാഹനം ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ കടപ്പുറം ഗ്രാമ പഞ്ചായത്തിലുള്ള ഇരട്ടപ്പുഴ പള്ളിത്താഴം അണ്ടത്തോട് പിലാക്കൽ സലീമിന്റെ മകൻ അനസിന് (18) പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ അനസ് മരണപ്പെടുകയും ചെയ്തിരുന്നു. ഇടിച്ച വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിട്ടും അധികൃതർ റോഡിലെ കുഴികൾക്ക് പരിഹാരം കാണാൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. അപകടങ്ങൾക്കിടയാക്കുന്ന ദേശീയ പാതയിലെ കുഴികൾ അടിയന്തരമായി അടക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.