road
കൊല്ലംപടിയിലെ റോഡ് പൊതുമരാമത്ത് വകുപ്പ് റീ ടാറിംഗ് നടത്തിയപ്പോൾ

എരുമപ്പെട്ടി: എ.ഐ.വൈ.എഫ് സമരം ഫലം കണ്ടു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആലത്തൂർ ഗുരുവായൂർ സംസ്ഥാന പാതയിൽ റീടാറിംഗ് നടത്തി. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. കടങ്ങോട് പഞ്ചായത്തിലെ കൊല്ലംപടി പ്രദേശത്ത് നിർമ്മാണം കഴിഞ്ഞ ഉടൻ തന്നെ റോഡ് താഴ്ന്ന് പോയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എ.ഐ.വൈ.എഫ് രംഗത്തെത്തിയത്.

വടക്കാഞ്ചേരി കുന്നംകുളം റോഡ് നിർമ്മാണത്തിലെ 4 കിലോമീറ്ററിനുള്ളിൽ നടന്ന അപാകതകൾക്കെതിരെയാണ് എ.ഐ.വൈ.എഫ് കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി.എൻജിനീയർക്ക് പരാതി നൽകിയത്. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. എ.ഐ.വൈ.എഫ് നേതാക്കളായ എം.പി. റഫീക്ക് തങ്ങൾ, ഹസ്സൻകുട്ടി വെള്ളറക്കാട്, മുരളി നീണ്ടൂർ, അഷറഫ് ഇയ്യലക്കാട്, ജാഫർ പന്നിത്തടം എന്നിവർ സമരത്തിന് നേതൃത്വം നൽകി.