വെള്ളാങ്കല്ലൂർ: വള്ളിവട്ടത്ത് കഴിഞ്ഞ 13 വർഷമായി ബാലവേദി സംഘടിപ്പിച്ചു വരുന്ന പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവത്തിൽ നിന്നും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചില നേതാക്കളും വിട്ടുനിന്നതിനെ ചൊല്ലി പരസ്യവിഴുപ്പലക്കൽ. വള്ളിവട്ടത്ത് കുട്ടികൾ ഉൾപ്പെടെ 250 ഓളം പേർ പങ്കു കൊണ്ട പരിപാടിയിൽ നിന്നാണ് അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിട്ടു നിന്നത്. ലോക്കൽ കമ്മിറ്റി തീരുമാനമനുസരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ നിറം കെടുത്താൻ ശ്രമിച്ചവർക്കെതിരെയും കൂട്ട് നിന്നവർക്കെതിരെയും ലോക്കൽ കമ്മിറ്റിയംഗവും സംഘാടക സമിതി ചെയർമാനുമായ എ.എസ് സുരേഷ് ബാബു ആമുഖപ്രസംഗത്തിൽ വിമർശനം ഉന്നയിച്ചു. വെള്ളാങ്കല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് വീണ്ടും പരസ്യവിഴുപ്പലക്കലിലേക്ക് കൂടി നീണ്ടത്.
എന്നാൽ കൊടുങ്ങല്ലൂർ നഗരസഭയുടെ മുൻ ചെയർമാൻ സി.സി. വിപിൻചന്ദ്രന്റെ സാന്നിദ്ധ്യം ഉറപ്പാക്കി, മുഖം രക്ഷിക്കാൻ സംഘാടകർക്കായി. എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 15 ഓളം വിദ്യാർത്ഥികളെ ആദരിക്കലും ഇരുന്നൂറിലധികം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു. ഇ.ആർ. വിശ്വേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വി.വി. ഇസ്മാലി, സുജനബാബു, എ.എസ്. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. യിരുന്നു പരിപാടിയുടെ ആമുഖ പ്രസംഗം. എ.എസ്. സുരേഷ് ബാബു ആമുഖ പ്രസംഗം നടത്തി.
തുടക്കം സ്ഥാനാർത്ഥി നിർണയത്തിൽ നിന്ന്
വെള്ളാങ്കല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് അനുവദിച്ച മൂന്ന് സീറ്റിൽ നിന്ന് ബാങ്ക് വൈസ് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയുമായ വി.പി. മോഹനൻ ഉൾപ്പെടെ രണ്ട് പേരെ, ഒഴിവാക്കിയതാണ് ലോക്കൽ കമ്മിറ്റിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പൊതു അഭിപ്രായം മാനിക്കാതെ, ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപം ലോക്കൽ കമ്മിറ്റി യോഗത്തിൽ ബഹളത്തിനും കയ്യാങ്കളിക്കും വഴിവെച്ചു. വെള്ളാങ്കല്ലൂരിൽ പൊതുജനങ്ങൾ കൂടി ശ്രദ്ധിക്കും വിധം പാർട്ടി ഓഫീസിലാണ് ബഹളമുണ്ടായത്്.