കൊടുങ്ങല്ലൂർ: സാങ്കേതിക തടസം മൂലം, സർക്കാരിന്റെ ഭവന പദ്ധതിയിൽ ഇടം ലഭിക്കാതിരുന്ന നിരാലംബയ്ക്ക് ജനകീയ കൂട്ടായ്മയിൽ അടച്ചുറപ്പുള്ള വീടായി. ശ്രീനാരായണപുരം പഞ്ചായത്തിലെ നാലാം വാർഡിൽ ഏകയായി കഴിയുന്ന മുല്ലങ്ങത്ത് ബേബിക്കാണ് വീടെന്ന സ്വപ്നം സഫലമായത്. പലവിധ രോഗങ്ങളാൽ നടക്കാൻ പോലും കഷ്ടപ്പെടുന്ന ബേബി ഏത് സമയത്തും നിലംപൊത്താവുന്ന ഒരു കൊച്ച് വീട്ടിലാണ് കഴിഞ്ഞുപോന്നിരുന്നത്. കൂട്ടുകുടുംബത്തിലെ റേഷൻ കാർഡിലാണ് ഇവരുടെ പേര് ഉൾപ്പെട്ടിട്ടുള്ളത്. അതിനാൽ ആ കാർഡിലുൾപ്പെട്ട വിധവ കൂടിയായ സഹോദര ഭാര്യക്കായിരുന്നു സർക്കാർ ഭവന പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചത്. തുടർന്ന് ബേബിക്ക് വീടിനായി വാർഡ് മെംബർ കെ. രഘുനാഥിന്റെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റി രൂപം കൊണ്ടു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എ.ആർ. രാജൻ കൺവീനറും ശ്രീനാരായണ പുരത്തെ വ്യാപാരി കൂടിയായ എം.ആർ. സച്ചിദാനന്ദൻ ജോ. കൺവീനറുമായ കമ്മിറ്റിയുടെ ആത്മാർത്ഥതയോടെയുള്ള പ്രവർത്തനവും ഒട്ടേറെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായവും ഈ സംരംഭത്തിന് തുണയായി. ഇന്നലെ രാവിലെ എ.ആർ. രാജന്റെയും എം.ആർ. സച്ചിദാനന്ദന്റെയും സാന്നിദ്ധ്യത്തിൽ ബേബിയുടെ അയൽക്കാരെയും സ്‌നേഹിതരെയും സാക്ഷി നിറുത്തി വാർഡ് മെമ്പർ കെ. രഘുനാഥ് വീടിന്റെ താക്കോൽ ബേബിക്ക് കൈമാറി..