കൊടുങ്ങല്ലൂർ: നഗരത്തിലെ നാലുവരി പാതയുടെ മദ്ധ്യത്തിൽ നിലകൊള്ളുന്ന ചെറുമരങ്ങൾക്ക് നേരെയുള്ള കടുംവെട്ടിനെതിരെ പ്രതിഷേധം. വടക്കെനടയിൽ ലോകമലേശ്വരം വില്ലേജ് ഓഫീസ് മുതൽ ചന്തപ്പുരയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വരെ നീളുന്ന നാലുവരി പാതയുടെ ഡിവൈഡറിൽ നട്ടുപിടിപ്പിച്ചിരുന്ന തണൽമരങ്ങളാണ് ഒന്നൊന്നായി വെട്ടുന്നത്.

നാല് വരി പാതയുടെ മദ്ധ്യഭാഗത്ത് കൂടി പോകുന്ന വൈദ്യുതി കമ്പികളിൽ തട്ടാതിരിക്കാനാണ് വെട്ടി നിരത്തിയതെന്നാണ് നിഗമനം. എന്നാൽ ഇലക്ട്രിക്ക് ലൈനോളം ഉയരത്തിലെത്തിയിട്ടില്ലാത്ത മരങ്ങളും ഇല്ലാതാകുന്നുണ്ട്. ഇലക്ട്രിക് ലൈനിൽ തട്ടാൻ സാദ്ധ്യത ഉണ്ടെങ്കിൽ അത്തരം ശിഖരങ്ങൾ മാത്രം വെട്ടിയൊതുക്കി, ഉയരം കുറച്ച് ഭംഗിയാക്കി നാലുവരി പാതയിലാകെ തണലേകും വിധത്തിൽ, ഇവയെ വശങ്ങളിലേക്ക് പടർന്ന് പന്തലിക്കാൻ അവസരമേകാമായിരുന്നു. എങ്കിൽ കൊടുങ്ങല്ലൂരിന്റെ സൗന്ദര്യവത്കരണത്തിന് ഇവ വലിയ മുതൽക്കൂട്ടായേനെ. ഇരുഭാഗത്ത് കൂടിയും ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനാൽ, യാതൊന്നിനും തടസമുണ്ടാക്കാത്ത വിധം വശങ്ങളിലേക്കുള്ള ശിഖരങ്ങളെ ചെരിവോടെ നിലനിറുത്തിയുള്ള ഇവയുടെ നിൽപ്പ് ഏറെ ആകർഷകമായിരുന്നു. കെ.കെ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അന്നത്തെ ലയൺസ് ക്‌ളബ്ബും ലക്ഷ്മി ജ്വല്ലറിയും ചേർന്നാണ് ഈ തണൽ മരങ്ങളെ പരിപോഷിപ്പിക്കാനാരംഭിച്ചത്. ആലയിൽ ബാബു എന്ന പ്രകൃതി സ്‌നേഹിയുടെ പരിശ്രമവും ഇവയുടെ വളർച്ചയ്ക്ക് തുണയായി. ഇവ വളർന്നതോടെ കുളിർമ്മ പകരുന്ന കാഴ്ചയേകിയതിനൊപ്പം ഇതുവഴി കാൽനടയായി പോകുന്നവർക്കെല്ലാം വലിയ ആശ്വാസവുമേകി. ഓരങ്ങളിലുള്ള ചില വ്യാപാരസ്ഥാപനങ്ങളുടെ താൽപ്പര്യാർത്ഥമാണ് ഈ കടുംവെട്ടെന്ന ആക്ഷേപം ചിലർ ഉന്നയിക്കുന്നുണ്ട്.