തൃശൂർ: പ്രദർശനമല്ല, ചിത്രകലയിൽ നിന്ന് വഴിതിരിഞ്ഞുപോയ സുഹൃത്തിനെ സൗഹൃദത്തിന്റെ ചിറകിൽ കലയിലേക്ക് മടക്കിവിളിക്കലാണ് ലളിതകലാ അക്കാഡമിയിൽ നടക്കുന്ന 'ദി ഈസൽസ് ഒഫ് 80' ചിത്രപ്രദർശനം. ഫൈൻ ആർട്‌സ് കോളേജിലെ 1980-86 ബാച്ചിലെ പഠിതാക്കളിൽ ചിലർ തൊഴിൽ തേടി കടൽ കടന്നു. ചിലർ അദ്ധ്യാപകരായി. കൂട്ടത്തിൽ ശശി അയ്യന്തോൾ ജീവിതപ്രാരബ്ധത്താൽ തെരുവുകച്ചവടക്കാരനായി ഓടക്കുഴൽ നിർമ്മാതാവായി. ബ്രഷ് വഴങ്ങാതെ പോയ കൈകളിലേക്ക് അത് ചേർത്തുവച്ച് ആ സൗഹൃദക്കൂട്ടം ശശിയെ തിരികെ വിളിച്ചു. ചിത്രകലയിലേക്ക്. ഒറ്റ ചിത്രമേയുള്ളൂ ശശിയുടേതായി ചിത്ര പ്രദർശനത്തിന്. പക്ഷേ കൂട്ടുകാരുടെ പ്രേരണയിൽ ആവേശത്തിലാണ് ഇപ്പോൾ ശശി. പഠന ശേഷം ചിതറിപ്പോയ സൗഹൃദ വലയങ്ങളെ കൂട്ടിച്ചേർത്ത സന്തോഷത്തിലാണ് ഫൈൻ ആർട്‌സ് കോളേജിലെ 1980-86 ബാച്ചിലെ പഠിതാക്കളായ കെ.എം. ബേബി, ബെന്നി പോൾ, കെ. ധർമപാൽ, സി.കെ. ജോൺ, എൻ.ബി. ലതാദേവി, പി. മോഹൻദാസ്, നസീം അമ്പലത്ത്, പ്രിൻസ് കൊങ്ങണൂർ തുടങ്ങി മറ്റുള്ളവർ. പ്രളയകാലത്തിന്റെ പ്രതീകങ്ങളായി പി. മോഹൻദാസ് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രളയജലത്തിൽ ഉയർന്നുനിൽക്കുന്ന കൈകളാൽ താങ്ങിപ്പിടിച്ച മാതൃരൂപം. ഈ അമ്മയ്ക്ക് മുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന കുഞ്ഞ്. തൊട്ടപ്പുറത്ത് ശവംതീനി കഴുകൻ. അപ്പുറത്ത് സാന്ത്വനചിഹ്നമായി കൈകൾ ഇതാണ് മോഹൻദാസിന്റെ ചിത്രം. ആമ്പൽപ്പൂക്കൾക്കൊപ്പം നിൽക്കുന്ന രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും അവരുടെ ദൈന്യതയും സൗന്ദര്യവുമാണ് കെ.എം. ബേബിയുടെ ചിത്രം. പ്രശ്‌നങ്ങളിലേക്ക് സ്വയം എടുത്തുചാടുന്ന മനുഷ്യരുടെ ചിത്രരൂപമാണ് സി.കെ. ജോണിന്റെ തീക്കുണ്ഡം. നാടൻകലാ ശൈലിയിൽ കാളകളുടെ മാസ്‌കിൽ നവരസം ആവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രകാരി എൻ.ബി. ലതാദേവി. ' അകത്തളങ്ങളിലെ മർമരങ്ങളുടെ രോദനം' എന്ന 25 ചിത്രങ്ങളടങ്ങിയ പരമ്പരയിലെ ഏതാനും ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഋതുക്കളെ സൂചിപ്പിക്കുന്ന 'ഡോട്‌സ് ആൻഡ് വേവ്‌സ്' ചിത്രങ്ങളുമുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ജലച്ചായത്താൽ തീർത്ത ചിത്രങ്ങളാണ് പ്രിൻസ് കൊങ്ങണൂരിന്റേത്. 11ന് പ്രദർശനം സമാപിക്കും.