കൊടുങ്ങല്ലൂർ: കോട്ടപ്പുറം വള്ളം കളി ശ്രീനാരായണ ഗുരുദേവ സമാധി ദിനമായ സെപ്തം. 21ന് നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. കേരളത്തിലെ ചെറുതും വലുതുമായ വള്ളം കളി മത്സരങ്ങളെ സംസ്ഥാന തലത്തിൽ തന്നെ ഏകോപിപ്പിച്ച് ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന നിലയിലേക്ക് ഉയർത്തിയ സംസ്ഥാന സർക്കാരിന് കളങ്കം ചാർത്തുന്നതാണ് ഈ നീക്കമെന്നാണ് ആക്ഷേപം. സെപ്തംബർ 14 നാണ് വള്ളം കളി നിശ്ചയിച്ചിരുന്നത്. എന്നാൽ 13 ന് നടത്താൻ നിശ്ചയിച്ചിരുന്ന പായിപ്പാട് വള്ളംകളി അവിടുത്തെ ആചാരവുമായി ബന്ധപ്പെട്ട പ്രശ്‌നമുയർത്തി, മാറ്റാൻ തീരുമാനിച്ചതോടെയാണ് കോട്ടപ്പുറത്തേത് ഗുരുസമാധി ദിനത്തിൽ നടത്താനുള്ള തീരുമാനമുണ്ടായത്. ആചാരപരമായതിനാൽ പായിപ്പാട് ജലോത്സവം മാറ്റിവയ്ക്കാൻ തീരുമാനിച്ചവർ മഹാസമാധി ദിനത്തിൽ ലക്ഷക്കണക്കിന് ഗുരുഭക്തർ ഉപവാസം, ജപം, ധ്യാനം, സമാധി പൂജ എന്നിവയിൽ മുഴുകുമ്പോൾ ആഘോഷമായി നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയ മഹാഗുരുവിന്റെ മഹാസമാധിദിനം തന്നെ ഇത്തരത്തിൽ ആഘോഷഭരിതമാക്കുന്നത് ശ്രീനാരായണീയരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്നതാണെന്നും ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു.
............
മഹാസമാധി ദിനത്തിൽ വള്ളംകളി മത്സരം നടത്താനുള്ള തീരുമാനം തങ്ങളുമായി ചർച്ച ചെയ്‌തെടുത്ത തീരുമാനമല്ല
എം.എൽ.എമാർ, അഡ്വ. വി.ആർ. സുനിൽ കുമാർ, ഇ.ടി. ടൈസൻ മാസ്റ്റർ
നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ
കോട്ടപ്പുറം ബോട്ട് ക്‌ളബ്ബ് ചെയർമാൻ സി.സി. വിപിൻചന്ദ്രൻ