സമരവുമായി ആക്രി വ്യാപാരികൾ
തൃശൂർ : നികുതി കുറച്ച് വിദേശത്ത് നിന്നും ആക്രികൾ ഇറക്കുമതി ചെയ്യുന്നതും ജി.എസ്.ടിയിലെ 18 ശതമാനം നികുതിയും സ്വദേശി പാഴ് വസ്തുക്കളുടെ ഡിമാൻഡ് ഇടിക്കുന്നു. ഡിമാൻഡ് ഇടിഞ്ഞതോടെ വീടുകളിലെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ പ്രതിസന്ധിയിലായി. ഇതോടെ ജില്ലയിൽ 50 ഓളം ആക്രിക്കടകളും അടച്ചുപൂട്ടി. ആക്രി വ്യാപാരത്തിൽ നിന്ന് നഷ്ടം മൂലം വ്യാപാരികൾ പിൻവാങ്ങി തുടങ്ങിയാൽ അത് പാഴ്‌വസ്തുക്കൾ നാട്ടിൽ കുന്നുകൂടാനും ഇടയാകും.
പ്രതിസന്ധികൾ സർക്കാരിന്റെ മുന്നിലെത്തിക്കാൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്രി വ്യാപാരികൾ. ഒരു വർഷം മുമ്പ് ഏഴായിരത്തോളം പേരാണ് ആക്രി പെറുക്കിയും മറ്റും ഉപജീവനം നടത്തിയിരുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ ആക്രി പെറുക്കിയാൽ കുറഞ്ഞത് 500 രൂപയെങ്കിലും തൊഴിലാളിക്ക് ലഭിക്കും. ഇപ്പോഴത് 250 പോലും തികയുന്നില്ല. പാഴ്‌വസ്തുക്കൾക്ക് ജി.എസ്.ടിയിൽ ഏർപ്പെടുത്തിയ 18 ശതമാനം നികുതിക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ പ്‌ളാസ്റ്റികിന്റെ നികുതി അഞ്ചു ശതമാനമാക്കിയിരുന്നു. എന്നിട്ടും പിടിച്ചുനിൽക്കാനാകാതെ വിഷമിക്കുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ.
ജില്ലയിലെ ആക്രിക്കടയിൽ നിന്ന് ഇരുമ്പ് സ്‌ക്രാപ്പുകൾ കയറ്റി അയക്കുന്നത് കഞ്ചിക്കോട്ടെ ഫാക്ടറികളിലേക്കാണ്. പത്തു ടൺ ഇരുമ്പ് ശേഖരിച്ച് കയറ്റി അയക്കുന്ന വ്യാപാരിക്ക് ഇപ്പോൾ ചെലവെല്ലാം കഴിച്ചാൽ കിട്ടുന്നത് 3400 രൂപ മാത്രമാണ്. കമ്പനികളിലെത്തിക്കുന്ന ഇരുമ്പ് ഉരുക്കി ഉത്പന്നങ്ങളാക്കി മാറ്റി, അവ വിറ്റഴിച്ച ശേഷമാണ് വ്യാപാരികൾക്ക് പണം ലഭിക്കുക. അമ്പത് ലക്ഷത്തിലധികം രൂപ വരെ വൻകിട കമ്പനികളിൽ നിന്ന് ലഭിക്കാനുള്ള വ്യാപാരികൾ ജില്ലയിലുണ്ട്. വിദേശങ്ങളിൽ നിന്നെത്തുന്ന അഴുക്കില്ലാത്ത ആക്രി സാധനങ്ങളിലാണ് ഇപ്പോൾ ഭൂരിഭാഗം പേർക്കും താത്പര്യം. കമ്പനികളുടെ ഉത്പാദന മികവിന് ഇവ ഗുണം ചെയ്യും. പ്രധാനമായും ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇരുമ്പ് സ്‌ക്രാപ്പുകൾ എത്തിക്കുന്നത്
ഒരു വർഷം മുമ്പ്
ജില്ലയിൽ 450 ആക്രിക്കച്ചവടക്കാർ
ഓരോ കട കേന്ദ്രീകരിച്ചും 15 തൊഴിലാളികൾ
തൊഴിലാളിക്ക് ലഭിക്കുന്ന വരുമാനം
നേരത്തെ ലഭിച്ചിരുന്നത്
500 രൂപ
ഇപ്പോൾ 250
ഇരുമ്പ് കയറ്റി അയക്കുന്നത്: കഞ്ചിക്കോട്ട്
ചെലവ്: (പത്തുടൺ ഇരുമ്പിന്)
നികുതി : 36,000
ലോറി വാടക: 56,000
കയറ്റിറക്ക് കൂലി: 3,600
ഇരുമ്പ് ശേഖരിക്കുന്നവരുടെ കൂലി: 1,60,000
ആകെ ചെലവ് : 2,04,600
ഫാക്ടറിയിൽ നിന്ന് കടയുടമയ്ക്ക് ലഭിക്കുന്നത്: 2,08,000
ലാഭം: 3400 രൂപ
പാഴ് വസ്തുക്കൾ പോകുന്നത്
ഇരുമ്പ് : കഞ്ചിക്കോട്
പ്‌ളാസ്റ്റിക് വെള്ളക്കുപ്പി: ഗുജറാത്ത്
ബക്കറ്റ് പ്‌ളാസ്റ്റിക്: കേരളം
ടി.വി, മിക്‌സി എന്നിവയുടെ പുറംചട്ട: ന്യൂഡൽഹി
ഇടത്തരം പ്‌ളാസ്റ്റിക്: തമിഴ്‌നാട്
20 രൂപ കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളത്തിന് നികുതി രണ്ടു ശതമാനം. ഉപയോഗശൂന്യമായ വെള്ള കുപ്പിക്ക് നികുതി അഞ്ചുശതമാനം. ഇതെന്തു നീതിയാണ്. ഞങ്ങൾക്ക് ജീവിക്കണം. ഈ മാസം 11 നും 12നും സംസ്ഥാനത്തെ ആക്രികച്ചവടക്കാർ കട അടച്ച് പ്രതിഷേധിക്കുകയാണ്
ടി.ജി. ബാബു (കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)