തൃശൂർ: പ്രളയത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ കിള്ളന്നൂരിൽ മണ്ണിടിഞ്ഞു മരിച്ച അജീഷിന്റെ ഭാര്യ ജിൻസിക്കും രണ്ട് കുട്ടികൾക്കും ചെമ്പൂക്കാവിലെ ബാലഗോപാലനും കുടുംബവും അയ്യന്തോൾ സിവിൽ സ്റ്റേഷനടുത്ത് ഫ്‌ളാറ്റ് സമ്മാനിച്ചു. ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് റെജി ജോസഫിന്റെ സാന്നിദ്ധ്യത്തിൽ താക്കോൽ കൈമാറി. ബാലഗോപാലന്റെ ഭാര്യയും അയർലൻഡിലുള്ള മകളും ചടങ്ങിൽ പങ്കെടുത്തു.
അയ്യന്തോളിലെ കോർപറേഷൻ കൗൺസിലർ എ. പ്രസാദും അയ്യന്തോൾ വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും മാത്രമായിരുന്നു താക്കോൽ കൈമാറ്റ ചടങ്ങിലെ സാക്ഷികൾ. പ്രളയകാലത്ത് ബാലഗോപാൽ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയെ നേരിട്ട് കണ്ടിരുന്നു. അർഹിക്കുന്ന ഒരു കുടുംബത്തിന് താമസിക്കാൻ തന്റെ സമ്പാദ്യമായ ഫ്‌ളാറ്റ് സമ്മാനിക്കാൻ തയ്യാറാണെന്ന വാഗ്ദാനം നൽകിയിരുന്നു. ജില്ലാ കളക്ടർ അനുപമ തന്നെ അർഹയായ ജിൻസിയെയും കുടുംബത്തെയും തെരഞ്ഞെടുത്തു. വിവരം ബാലഗോപാലിനെ അറിയിച്ചു. കളക്ടറുടെ നിർദേശാനുസരണം അയ്യന്തോൾ വില്ലേജ് ഓഫീസർ കൈമാറ്റത്തിനുള്ള രേഖകൾ തയാറാക്കി. ഫ്‌ളാറ്റ് കൈമാറാനുള്ള തീയതിയും നിശ്ചയിച്ചു. ബാലഗോപാലന്റെ മകളുടെ പേരിലുള്ള ഫ്‌ളാറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതുതലമുറയ്ക്ക് ചെസ്‌കളി പരിശീലിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണു പ്രളയം വന്നത്. അങ്ങനെയാണ് വീടു നഷ്ടപ്പെട്ട കുടുംബത്തിന് ഫ്‌ളാറ്റ് സമ്മാനിക്കാൻ തീരുമാനിച്ചത്.