ഒല്ലൂർ: ദേശീയപാതയിൽ ചിലങ്കപ്പാടത്ത് സെപ്ടിക് മാലിന്യം തള്ളിയതിനെ തുടർന്ന് പ്രതിഷേധവുമായി പുത്തൂർ പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് എറണാകുളം ഭാഗത്തു നിന്നുമെത്തിയ ടാങ്കർ ലോറി ചിലങ്കപ്പാടത്തു സെപ്ടിക് മാലിന്യം തള്ളിയത്. നാട്ടുകാർ കാവലിരുന്ന് മാലിന്യം തള്ളാനെത്തിയ ലോറിക്കാരെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു
ഒറ്റപ്പെട്ട മേഖലയായതിനാൽ നിരവധി വാഹനങ്ങൾ പ്രദേശത്ത് മാലിന്യം തള്ളുന്നുണ്ടത്രെ. തള്ളുന്ന മാലിന്യം ഒലിച്ചിറങ്ങി സമീപകനാലിലൂടെ കിണറുകളിലെത്തി അവയും ഉപയോഗ ശൂന്യമാകുന്നുണ്ട്. കൊല്ലം പുനലൂർ സ്വദേശി ജിഷ്ണു, ആലപ്പുഴ താണ്ടിയത്തു തറയിൽ വീട്ടിൽ അജിത്ത് എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ കുടിവെള്ളം മലിനമാക്കുന്ന പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീജ പ്രതാപൻ, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി. ദേശീയപാത മരത്താക്കാര മേഖല മലിനമാക്കുന്നതിനെ തുടർന്ന് ദേശീയപാത സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാലിന്യം തള്ളുന്നവരെ പിഴ ഈടാക്കി വിടാതെ വാഹനഉടമയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
മാലിന്യമല കയറ്റരുതേ
ദേശീയപാതയോരത്ത് മാലിന്യം തള്ളൽ നിത്യസംഭവം
മാലിന്യത്തിൽ നിന്നും മലിനജലം കുടിവെള്ളത്തിലേക്ക്
പിടിയിലായ പ്രതികളെ പിഴ ചുമത്തി മാത്രം വിടുന്നു
പിടിയിലായവരുടെ വാഹനം വിട്ടുകൊടുക്കരുതെന്ന്
ദേശീയപാത സംരക്ഷണ സമിതി രൂപീകരിച്ചു