പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

ചാലക്കുടി: മാർക്കറ്റിലെ ബയോ ഗ്യാസ് പ്ലാന്റ് തകർന്ന് മാലിന്യം പുറത്തേക്കൊഴുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. സമീപവാസികളായ നിരവധിപേർ തകർന്ന ബയോ ഗ്യാസ് പ്ലാന്റിന് സമീപമെത്തി രണ്ടുമണിക്കൂറോളം നിലയുറപ്പിച്ചു. ആവശ്യം പരിഹരിച്ചില്ലെങ്കിൽ ഇവിടെ വച്ചുതന്നെ പ്രത്യക്ഷ സമരപാടികൾ ആരംഭിക്കുമെന്ന് മുന്നിറിയിപ്പും നൽകി.

പത്തു ദിവസത്തിനകം എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന നഗരസഭാ വൈസ് ചെയർമാന്റെ ഉറപ്പിന്മേലാണ് പിന്നീട് പരാതിക്കാർ പരിഞ്ഞുപോയത്. ഗുരുതരപ്രശ്‌നം നിലനിൽക്കുമ്പോൾ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥലത്ത് എത്താതിരുന്നതിലും നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു.

അറവുശാലയിലെ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റിന് തകരാർ തുടങ്ങിയിട്ട് മാസങ്ങളായി. എട്ടുമാസം മുൻപ് നിർമ്മിച്ച ടാങ്കുകളാണ് സംസ്‌കരണ വേളയിൽ ആവശ്യത്തിന് വെള്ളം ഒഴിക്കാത്തിനാൽ പ്രവർത്തന രഹിതമായത്. ഇതോടെ ഉയർന്ന സ്ലെറി പരിസരത്തേക്ക് വ്യാപിച്ചു തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിൽ സമീപ വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

കൂടാതെ, ഏതാനും ദിവസമായി സംസ്‌കരിക്കാതെ മാർക്കറ്റ് കോമ്പൗണ്ടിൽ അറവു മാലിന്യം കുഴിച്ചു മൂടുന്നതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. പത്തു ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ മറ്റു പ്രക്ഷോഭ രീതികളിലേക്ക് കടക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, കൗൺസിലർമാരയ എം.എം. ജീജൻ, സീമ ജോജാ, ഹെൽത്ത് സൂപ്രണ്ട് ബാലസുബ്രഹ്മണ്യൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

മാർക്കറ്റിലെ മാലിന്യപ്രശ്‌നം ഗൗരവമുള്ളതാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇതു കാരണമാകും. അടുത്ത ദിവസത്തിനകം അടിയന്തര പരിഹാര ശ്രമങ്ങൾ തുടങ്ങും.

-വിൽസൺ പാണാട്ടുപറമ്പിൽ, വൈസ് ചെയർമാൻ

മാസങ്ങളായി ചന്തയിലെ ദുരിതവും പേറിയാണ് തങ്ങൾ ജീവിക്കുന്നത്. ഭരണാധികാരികളുടെ അനാസ്ഥയാണ് ഇതിന് പിന്നിൽ. രോഗം പരത്തുന്ന ഈ അവസ്ഥ തുടരാൻ അനുവദിക്കില്ല..

- ജയിംസ് തേക്കാനത്ത്, പരിസരവാസി

ചന്തയിലെ വ്യാപാരികൾ മാലിന്യത്തിന്റെ നടുവിലാണ് കഴിഞ്ഞുകൂടുന്നത്. നിരവധി തവണ ഇതു സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു. ഇനി പ്രക്ഷോഭത്തിലേക്ക് കടക്കാതെ നിവൃത്തിയില്ല.

- ജോയ് മൂത്തേടൻ, വ്യാപാരി പ്രതിനിധി

ചാലക്കുടി ചന്തയിൽ പോകുമ്പോൾ ചന്ദനച്ചോപ്പുള്ല മീങ്കാരിപ്പെണ്ണിനെ കണ്ടേ ഞാൻ എന്ന കലാഭവൻ മണിയുടെ പാട്ടുപോലെ അത്ര മനോഹരമല്ല,​ കാര്യങ്ങൾ.

മാലിന്യപ്രശ്നം ഇങ്ങനെ

അറവുശാല മാലിന്യ സംസ്കരണ പ്ലാന്റ് തകരാറിലായിട്ട് മാസങ്ങൾ

എട്ടുമാസം മുൻപ് നിർമ്മിച്ച പ്ലാന്റ് തകർന്നത് അനാസ്ഥയെ തുടർന്ന്

അറവ് മാലിന്യം സംസ്‌കരിക്കാതെ മാർക്കറ്റിൽ കുഴിച്ചു മൂടുന്നു

പ്ലാന്റിൽ നിന്നുള്ള സ്ലറി വീടുകളിലെത്തുമെന്ന് പരിസരവാസികൾ

10 ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷസമരമെന്ന് നാട്ടുകാർ