തൃശൂർ : രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടികജാതി ആദിവാസി പീഡനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി പട്ടികജാതി മോർച്ചയുടെ സംസ്ഥാനതല മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ ഭരണത്തിൽ മൂന്ന്‌വർഷംകൊണ്ട് 750 പട്ടികജാതി ആദിവാസി യുവതികളാണ് കേരളത്തിൽ ലൈംഗീക പീഡനത്തിനിരയായത്. 32 ദളിത് യുവാക്കളാണ് സി.പി.എം സർക്കാരിന്റെ ഭരണത്തിൽ കൊല ചെയ്യപ്പെട്ടത്. മറ്റൊരു സംസ്ഥാനത്തും ഇത്രയും ഗുരുതരമായ സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നാടൻപാട്ട് കലാകാരൻ, അറുമുഖൻ വെങ്കിടങ്ങിന് കെ. സുരേന്ദ്രൻ അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സർജു തൊയ്ക്കാവ്, സി.എ. പുരുഷോത്തമൻ, സംസ്ഥാന ഭാരവാഹികളായ രമേശ് കാവിമറ്റം, സി.എം. മോഹനൻ, ജില്ലാ പ്രസിഡന്റ് പി.കെ. ബാബു എന്നിവർ സംസാരിച്ചു...