തൃശൂർ: കെട്ടിടനിർമാണ ഫയലുകൾ ഉദ്യോഗസ്ഥർ പൂഴ്ത്തിവയ്ക്കുന്നതായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സന്റെ ആക്ഷേപം ഭരണപക്ഷത്തെ വെട്ടിലാക്കി. കോർപറേഷൻ കൗൺസിൽ യോഗത്തിൽ എം.എൽ. റോസിയാണ് ആന്തൂർ സംഭവം തൃശൂർ കോർപറേഷനിൽ ഉണ്ടാകാത്തത് ഭാഗ്യമാണെന്ന് തുറന്നു പറഞ്ഞത്. ഫയലുകൾ ഉദ്യോഗസ്ഥർ പൂഴ്ത്തുന്നതായി തനിക്ക് അനുഭവമുണ്ടെന്ന് റോസി തുറന്നടിച്ചു. പലപ്പോഴും ഉദ്യോഗസ്ഥരോട് കർശനമായി പറഞ്ഞാണ് ഫയൽ എടുപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു. അപേക്ഷകളിൽവേഗം തീർപ്പുണ്ടാക്കാൻ സമിതി രൂപീകരിക്കണമെന്ന് റോസി ആവശ്യപ്പെട്ടു. മേയർ പോലും ഫയൽമുക്കിയെന്നു എ. പ്രസാദ് കുറ്റപ്പെടുത്തിയത് ബഹളത്തിനിടയാക്കി.
ജനുവരി ഒന്നു മുതൽ മേയ് 30 വരെ കോർപറേഷനിൽ ലഭിച്ച കെട്ടിട നിർമാണ അപേക്ഷകളിൽ എന്ത് നടപടിയെടുത്തുവെന്ന കണക്ക് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു നടത്തിയ ചർച്ചയിലാണ് തൃശൂരിലും ആന്തൂർ' അന്തർധാരയായി ഒഴുകുന്നുണ്ടെന്നു കൗൺസിലർമാർ ചൂണ്ടിക്കാട്ടിയത്.
ഭരണപക്ഷത്തിന്റെ കഴിവുകേടാണ് അപേക്ഷകൾ കെട്ടികിടക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ കുറ്റപ്പെടുത്തി. അഞ്ചു മാസത്തെ കണക്കെടുത്താൽ നിരവധി അപേക്ഷകളാണ് തീരുമാനമില്ലാതെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കെട്ടിട നിർമാണത്തിനായി ലഭിച്ച 488 അപേക്ഷകളിൽ 264 എണ്ണത്തിനുമാത്രമാണ് അനുമതി നൽകിയത്. ഏജന്റ് ഭരണമാണ് നടക്കുന്നതെന്ന് ഭരണകക്ഷി അംഗം തന്നെ പറഞ്ഞത് നാണക്കേടാണെന്ന് ഫ്രാൻസിസ് ചാലിശേരി പറഞ്ഞു.
പരാതികൾ പരിഹരിക്കുന്നതിനു 22ന് രാവിലെ പത്തിന് തൃശൂർ ടൗൺ ഹാളിൽ ഫയൽ അദാലത്ത് നടത്തും. മന്ത്രി എ.സി. മൊയ്തീൻ പങ്കെടുക്കും.
കണ്ണംകുളങ്ങര റോഡ് സമർപ്പിക്കുന്ന ചടങ്ങിൽ വേണ്ടപോലെ പരിഗണിച്ചില്ലെന്നു ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ, ഷീന ചന്ദ്രൻ, ജേക്കബ് പുലിക്കോട്ടിൽ എന്നിവർ പരാതിപ്പെട്ടു. കൗൺസിലർമാർക്ക് പരിഗണന നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കൗൺസിലർ കെ. മഹേഷ് നോട്ടീസുകൾ മേയർക്ക് മടക്കി നൽകി.