തൃശൂർ: ഹൈക്കോടതിയിൽ നിന്ന് പെർമിറ്റ് സമ്പാദിച്ച് വന്ന ഓട്ടോകൾ നഗരത്തിൽ ഓടുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് ആരംഭിച്ച് ഓട്ടോ തൊഴിലാളികൾ. ഹൈക്കോടതി പെർമിറ്റുമായി വന്ന ഓട്ടോകൾ ശക്തൻ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തർക്കം നീണ്ടതോടെ പൊലീസെത്തിയെങ്കിലും ഹൈക്കോടതി പെർമിറ്റുമായി വരുന്നവരെ ഓടാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ തൊഴിലാളികൾ ഉറച്ചു നിന്നു. തുടർന്ന് ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ മിന്നൽ പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ പത്തിന് ഓട്ടോ തൊഴിലാളികളുമായി ഈസ്റ്റ് സി.ഐ ചർച്ച നടത്തുന്നുണ്ട്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ ഓട്ടോ സർവീസ് പുനരാരംഭിക്കൂവെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ഹൈക്കോടതി വിധിയിലൂടെ നഗരത്തിൽ രണ്ടായിരത്തോളം ഓട്ടോകൾ എത്തിയിട്ടുണ്ടെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇത്തരം പെർമിറ്റുമായി വരുന്ന ഓട്ടോകൾ സ്റ്റാൻഡിൽ നിറുത്തരുതെന്ന് കാട്ടി ചിലയിടങ്ങളിൽ രണ്ടു ദിവസം മുമ്പു തന്നെ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.