തൃശൂർ : നിപ്പ ഭീഷണിക്ക് പിന്നാലെ ജപ്പാൻ ജ്വരവും വെസ്റ്റ് നൈലും രംഗപ്രവേശം ചെയ്യുന്നതിനിടെ കൊതുകു വഴി പടരുന്ന വൈറസ് ബാധയും ആരോഗ്യ വകുപ്പിന്റെ ഉറക്കം കെടുത്തുന്നു. ശക്തമായ മഴയില്ലാത്തതാണ് കൊതുകു സാന്ദ്രത വർദ്ധിക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇടയ്ക്ക് മാത്രം പെയ്യുന്ന മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് വർദ്ധനയ്ക്ക് കാരണമാകുന്നു.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കൊതുകു സാന്ദ്രത വളരെ ഉയർന്ന നിലയിലാണ്. നേരത്തെ അഞ്ചു മുതൽ 20 വരെ ഉണ്ടായിരുന്ന സാന്ദ്രതയാണ് മൺസൂൺ കാലമായതോടെ 40 ൽ എത്തി നിൽക്കുന്നത്. തുടർച്ചയായി മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവില്ല. നിലവിലെ സാഹചര്യത്തിൽ മഴ വല്ലാതെ കുറഞ്ഞിരിക്കുകയാണ്. ഒരു മഴയ്ക്ക് പിന്നാലെ മഴ എന്ന അവസ്ഥ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പ്രജനന പ്രക്രിയ നന്നായി നടക്കുകയാണ്. വൈറൽ പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയുടെ എണ്ണം കൂടിയിട്ടുണ്ട്. കാലവർഷം കനത്താൽ ഇത് കൂടാനുള്ള സാദ്ധ്യതയേറെയാണ്. ഒപ്പം എലിപ്പനിയും.
ഇതുകൂടാതെ ജപ്പാൻ ജ്വരവും വെസ്റ്റ്‌നൈലും ഭീഷണിയായി വരുന്നു. ചൊവ്വൂർ, വല്ലച്ചിറ, വടക്കേകാട് മേഖലയിലാണ് രണ്ടുരോഗങ്ങളുടെയും വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ചൊവ്വൂരിലും വല്ലച്ചിറയിലുമായി ജപ്പാൻ ജ്വരം രണ്ട് പേർക്ക് ബാധിച്ചതായി കണ്ടെത്തിയിരുന്നു. വടക്കെക്കാട്, വല്ലച്ചിറ, ചൊവ്വൂർ എന്നിവിടങ്ങളിലാണ് മൂന്ന് പേർക്ക് വെസ്റ്റ്‌നൈൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ വടക്കെക്കാട് രോഗം കണ്ടെത്തിയ തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് പോകുകയാണ് ചെയ്തത്..
വൈറൽപനി (പ്രതിദിനം)
നേരത്തെ 800
നിലവിൽ 1000
മഞ്ഞപ്പിത്തം 200 ൽ അധികം (ആറു മാസത്തേത്)
ഡെങ്കിപ്പനി 19 (ഈ വർഷത്തേത്)
കൊതുകു സാന്ദ്രത
അഞ്ച് മുതൽ 20 ശതമാനം വരെ
ഉണ്ടായിരുന്നത് ഇപ്പോൾ 40ൽ എത്തി
കൊതുകു കേന്ദ്രങ്ങൾ
വീടിന്റെ ടെറസ്, വീട്ടുവളപ്പിൽ അലസമായി വലിച്ചെറിയപ്പെടുന്ന ചിരട്ട, പാത്രങ്ങൾ, ടയർ അടക്കം സാധനങ്ങളിൽ ശേഖരിക്കപ്പെടുന്ന വെള്ളവും കൊതുകു വളർച്ചയ്ക്ക് അനുകൂലമാണ്. കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ പോലും കൊതുകു പ്രജനന കേന്ദ്രങ്ങളാകുകയാണ്.
പ്രതിവിധി
കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കികളയുകയാണ് പ്രതിവിധി. കൊതുക് വഴി വൈറസ് ബാധ പടരുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊതുക് നശീകരണത്തിന് നടപടിയാരംഭിച്ചിട്ടുണ്ട്.
ബോധവത്കരണം
കൊതുക് വളരുന്നത് തടയുന്നതിന്റെ ഭാഗമായി വാർഡ് തലങ്ങളിൽ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. കുടംുബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ആശാവർക്കർമാരും ഉദ്യോഗസ്ഥരും ചേർന്നാണ് ബോധവത്കരണം നടത്തുന്നത്.
ഡോ. കെ.ജെ. റീന
(ഡി.എം.ഒ)..