തൃശൂർ : ദളിത് നേതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ വടക്കാഞ്ചേരി സി.ഐയായിരുന്ന കെ.എസ്. ശെൽവരാജിനെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി ഉത്തരവ്. നെടുപുഴ എസ്.ഐയായിരിക്കെ കേരള ദളിത് ഫെഡറേഷൻ നേതാവ് പി.ആർ. പ്രഭാകരനെ മർദ്ദിച്ചുവെന്ന പരാതിയിലാണ് തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടെ ഉത്തരവ് പ്രകാരം നെടുപുഴ പൊലീസ് കേസെടുത്തത്. ശെൽവരാജിനെ കൂടാതെ നെടുപുഴ സ്റ്റേഷനിലെ എ.എസ്.ഐമാരായ വത്സൻ, കണ്ണൻ, പൊലീസുകാരനായ മനോജ്, വടൂക്കര അമ്പാട്ട് വീട്ടിൽ പത്മാവതി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പത്മാവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതി ഉണ്ടാക്കി കസ്റ്റഡിയിലെടുത്ത പ്രഭാകരനെ മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് പരിക്കേറ്റ ഇയാളെ ആശുപത്രിയാക്കുന്നതിന് പകരം റിമാൻഡ് ചെയ്യുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ ഡി.വൈ.എഫ്. നേതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ശെൽവരാജിനെ കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു.