തൃക്കൂർ: റേഷൻ കടയിൽ നിന്ന് അനധികൃതമായി അരി കാറിൽ കടത്തിയ സംഭവം കണ്ട സി.പി.എം പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും നിറുത്താതെ പോയി. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ചാക്ക് അരി കുറവ് കടയിൽ കണ്ടെത്തി. തൃക്കൂർ മതിക്കുന്ന് കിണറിനു സമീപത്തെ എ.ആർ.ഡി 380 നമ്പർ റേഷൻ കടയിൽ നിന്നാണ് രണ്ട് ചാക്ക് അരി കടത്തിയത്. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം.

ടിൻസി പൗലോസ് എന്ന ലൈസൻസിയുടെ റേഷൻ കട നടത്തിയിരുന്നത് മനേഷ് എന്നയാളാണ്. ഇവിടെ നിന്ന് പതിവായി റേഷൻ സാധനങ്ങൾ കടത്തുന്നുണ്ടെന്ന വിവരത്തിൽ കട നിരീക്ഷിച്ചു വരികയായിരുന്നു സി.പി.എം പ്രവർത്തകർ. കാറിൽ അരി കടത്തുന്നത് പ്രവർത്തകർ തടഞ്ഞെങ്കിലും അമിതവേഗത്തിൽ കാറോടിച്ചു പോകുകയായിരുന്നു. ബഹളമായതോടെ കടയിലെ ജീവനക്കാരൻ സാധനങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന ഇ - പോസ് മെഷിനുമായി ഓടി രക്ഷപ്പെട്ടു.

വിവരം അറിയിച്ചതിനെ തുടർന്ന് മുകുന്ദപുരം താലൂക്ക് സിവിൽ സപ്ലെ ഓഫീസറും പുതുക്കാട് എസ്‌.ഐയും സ്ഥലത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് സ്റ്റോക്കിൽ രണ്ട് ചാക്ക് അരിയുടെ കുറവ് കണ്ടത്. ഇതേത്തുടർന്ന് സിവിൽ സപ്ലെ ഓഫീസർ റേഷൻ കട പൂട്ടി. കടയിൽ വിശദ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും റേഷൻ ലഭ്യമാക്കുന്നതിന് മറ്റെരു കടയിൽ സൗകര്യമൊരുക്കുമെന്നും സിവിൽ സപ്ലെ ഓഫീസർ അറിയിച്ചു.