ഒല്ലൂർ: ഒല്ലൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഗർത്തം മൂലം വിദ്യാർത്ഥി യൂണിയനുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് സമാപ്തി. കൊതുകുശല്യം മൂലം കോളേജിലെ എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ കോളേജിന് സമീപത്തെ പൊന്തക്കാടുകൾ വൃത്തിയാക്കുന്നതിനിടയിലാണ് കോളേജിലെ ബികോം ക്ലാസ് മുറിക്കു സമീപം ഗർത്തം ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് ഗർത്തത്തിനു സമീപമുള്ള ക്ലാസ് മുറി അടച്ചിടുകയായിരിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരമാകാത്തതിനെ തുടർന്ന് കോളേജിലെ വിദ്യാർത്ഥി യൂണിയനുകൾ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചീഫ് വിപ് കെ. രാജനെത്തി കോളേജ് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സ്‌കൂളിലെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികൾ കോളേജ് പ്രവർത്തനത്തിനായി താത്കാലികമായി തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് കളക്ടർ എസ്. ഷാനവാസിന്രെയും ചീഫ് വിപ് കെ. രാജന്രെയും നേതൃത്വത്തിൽ യോഗം ചേർന്നാണ് കോളേജ് പഠനത്തിനാവശ്യമായ ക്ലാസ് മുറികൾ തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ സ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ബി.ആർ.സി ട്രെയിനിംഗ് സെന്ററിൽ കോളേജിന് വേണ്ട ക്ലാസ് മുറി കൊടുക്കാമെന്നും ധാരണയായി. ക്ലാസ് മുറിക്ക് സമീപമുള്ള ഗർത്തത്തിൽ മണ്ണടിച്ചു നികത്തുന്നതിനും തീരുമാനമായി.

കൗൺസിലർമാരായ ജയ മുത്തിപ്പീടിക, കരോളി ജോഷ്വ, വർഗീസ് കണ്ടംകുളത്തി, ആർ.ഡി.ഒ പ്രിൻസിപ്പൽ എ.വി. വിജന, ഹെഡ്മിസ്ട്രസ് മറീന, കോസ്റ്റ് ഫോർഡ് അധികൃതർ, ഫോറസ്റ്റ് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോളേജിന് പിൻവശത്തെ മരങ്ങൾ മുറിച്ച് സ്‌കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ നടപടികൾ പൂത്തിയാക്കുമെന്നും യോഗത്തിൽ തീരുമാനമായി.