തൃശൂർ: പൊലീസുമായും ആർ.ടി.ഒയുമായി ചർച്ചകൾ നടത്തിയെങ്കിലും നഗരത്തിലെ ഓട്ടോ പെർമിറ്റ് സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാനായില്ല. തിങ്കളാഴ്ച്ച ആരംഭിച്ച സമരം തുടരുന്നു. ഇന്ന് വീണ്ടും ആർ.ടി.ഒയുമായി ചർച്ച നടത്തും. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ ആർ.ടി.ഒ. അനുവദിച്ച പെർമിറ്റോടെ ഓടാനെത്തുന്ന ഓട്ടോകളെ അംഗീകരിക്കാനാവില്ലെന്നും ഇതിന്റെ മറവിൽ നിരവധി പേർ നഗരത്തിൽ അനധികൃതമായി ഓടുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് നിലവിൽ പെർമിറ്റുള്ള ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം. ഇന്നലെ രാവിലെ ഈസ്റ്റ് സി.ഐ ബിജു കുമാർ, എസ്.ഐ ബിബിൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടത്തിയത്. വ്യാജ പെർമിറ്റുകൾ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ചർച്ചയിൽ അറിയിച്ചു.
നിലവിൽ നാലായിരത്തോളം ഓട്ടോകൾക്കാണ് നഗരത്തിൽ പെർമിറ്റുള്ളത്. എന്നാൽ ഹൈക്കോടതി നിർദ്ദേശത്തിന്റെ പേരിൽ ആർ.ടി.ഒ അനുവദിച്ച പെർമിറ്റുകൾ കൂടി കൂട്ടുമ്പോൾ ഇത് ആറായിരത്തോളമാണ്. അനധികൃത ഓട്ടോകൾക്കെതിരെ നടപടിയാവശ്യപ്പെടുമ്പോൾ പെർമിറ്റുള്ള ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും യൂണിയനുകൾ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നും ഒരു വിഭാഗം ആരോപിക്കുന്നു. നൂറുകണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളാണ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. ഹൈക്കോടതി വിധിയിലൂടെ നഗരത്തിൽ രണ്ടായിരത്തോളം ഓട്ടോകൾ എത്തിയിട്ടുണ്ടെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇത്തരം പെർമിറ്റുമായി വരുന്ന ഓട്ടോകൾ സ്റ്റാൻഡിൽ നിറുത്തരുതെന്ന് കാട്ടി ചിലയിടങ്ങളിൽ രണ്ടു ദിവസം മുമ്പു തന്നെ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു...