തൃശൂർ: പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുളള ഒ.ഇ.സി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി. തൃശൂർ കളക്ടറേറ്റിൽ നിയമസഭാ സമിതിയുടെ സിറ്റിംഗിൽ പരാതികൾക്ക് മറുപടി നൽകവേയാണ് സമിതി അദ്ധ്യക്ഷൻ ചിറ്റയം ഗോപകുമാർ എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്.

കുംഭാര സമുദായത്തെ ഒ.ഇ.സി (എസ്.സി) വിഭാഗത്തിൽ ഉൾപ്പെടുത്തി അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടും ഇത് പ്രാവർത്തികമാക്കുന്നില്ലെന്ന് കളിമൺപാത്ര നിർമ്മാണ കോർപറേഷൻ ചെയർമാൻ കെ.എൻ കുട്ടമണി പരാതി ഉന്നയിച്ചു. ഇവരുടെ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ചില റവന്യൂ ഉദ്യോഗസ്ഥർ അലംഭാവം പുലർത്തുന്നതായി പരാതി ഉണ്ടായി. ഇത്തരത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറണമെന്ന് നിയമസഭാ സമിതി നിർദ്ദേശിച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹനം പദ്ധതികൾ പിന്നാക്ക വിഭാഗ വികസന വകുപ്പും ഏറ്റെടുക്കണമെന്ന് സമിതി നിർദ്ദേശിച്ചു. ഇത്തരം പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കും.
സ്‌കൂളുകളിലെ കരാർ നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് കോൺഫെഡറേഷന്റെ അപേക്ഷ സമിതി പരിശോധിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള നിയമനങ്ങൾ സംവരണം പാലിച്ചാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക സംവരണത്തിൽ പിന്നാക്ക വിഭാഗത്തിൽപെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഉൾപ്പെടുത്തുക, പിന്നാക്കക്കാരായ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുളള കണക്കുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ അഖില കേരള എഴുത്തച്ഛൻ സഭാ പ്രതിനിധികൾ ഉന്നയിച്ചു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ മറുപടി കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സമിതി വ്യക്തമാക്കി. ഒരേ കുടുംബാംഗങ്ങളായ കളരിക്കുറുപ്പ് കളരിപ്പണിക്കർ സമുദായംഗങ്ങൾക്ക് വ്യത്യസ്ത ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന പരാതി പരിഹരിക്കണമെന്ന് സമിതി റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചു. ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 200 കോടി രൂപ അനുവദിച്ചതായും ഇത് ഗുണഭോക്താക്കൾക്ക് നൽകി വരുന്നതായും പിന്നാക്ക വിഭാഗ വികസന വകുപ്പ് അധികൃതർ അറിയിച്ചു. കേന്ദ്ര വിഹിതം ലഭിക്കാത്തത് മൂലമുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴുളളത്. സമിതി അംഗങ്ങളായ കെ. ആൻസലൻ, കെ.ഡി പ്രസേനൻ, ടി.വി ഇബ്രാഹിം, ജില്ലാ കളക്ടർ എസ്. ഷാനവാസ്, എ.ഡി.എം റെജി പി ജോസഫ്, നിയമസഭാ ജോയിന്റ് സെക്രട്ടറി ഷാജി ഡി. ബേബി തുടങ്ങിയവർ പങ്കെടുത്തു. ലഭിച്ച ഒമ്പത് പരാതികൾ ഉൾപ്പെടെ 16 പരാതികൾ സമിതി പരിഗണിച്ചു.