പാവറട്ടി: പാവറട്ടി എം.യു.എ.എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം തൊട്ടാവാടിയുടെ നിർമ്മാണം പൂർത്തിയായി. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി പ്രവർത്തകരുടെ ശ്രമദാനം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം മണലൂർ എം.എൽ.എ ഫണ്ട് അനുവദിച്ചെങ്കിലും ടൈൽ ഇടാത്തതിനാൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പായിരുന്നില്ല. തുടർന്നാണ് ദേവസൂര്യ പ്രവർത്തകർ നിർമ്മാണം ഏറ്റെടുത്തത്.

ഭിത്തിയിൽ തേച്ചിരുന്ന കുമ്മായം നീക്കി സിമന്റ് തേച്ചു, നിലത്ത് കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ചു. 15 ഓളം പ്രവർത്തകരാണ് എട്ടു ദിവസത്തെ ശ്രമദാനത്തിൽ പങ്കെടുത്തത്. 400 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സ്മാർട്ട് ക്ലാസ് മുറി. തങ്ങളുടെ ജോലി സമയം കഴിഞ്ഞ് രാത്രി ഏഴു മുതൽ 11 വരെയും ഞായറാഴ്ച പകൽ സമയവുമാണ് ശ്രമദാനത്തിനായി വിനിയോഗിച്ചത്.

ദേവസൂര്യ സെക്രട്ടറി ടി.കെ. സുരേഷ് ഭാരവാഹികളായ റെജി വിളക്കാട്ടുപാടം, കെ.സി. അഭിലാഷ്, കെ.എസ്. സുജിത്ത്, ടി.കെ. സുനിൽ, ശ്രീരാഗ് കരിപ്പോട്ടിൽ, സി.ആർ. ബിജു, വനിതാ വേദി ഭാരവാഹി അബുജം സുബ്രഹ്മണ്യൻ, സ്മിജിത സുരേഷ്, ബാലവേദി അംഗങ്ങളായ കെ.എസ്. ശ്രീജിത്ത്, ശബരി വിജയൻ, ടി.എസ്. അമൽനാഥ് സീനിയർ സിറ്റിസൺസ് ഭാരവാഹി കെ.എസ്. സുബ്രഹ്മണ്യൻ, ഹെഡ്മാസ്റ്റർ ഡൊമിനിക് സാവിയോ എന്നിവർ ശ്രമദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വേറിട്ട പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ യൂത്ത് കേരള എക്‌സ്‌പ്രസ് പുരസ്‌കാരം വരെ ലഭിച്ച ദേവസൂര്യ പ്രവർത്തന മികവ് വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ വർഷം വിദ്യാലയത്തിന്റെ ചുമരുകളിൽ സൂര്യകാന്തി പൂക്കൾ വരച്ചു നൽകി പ്രവേശനോത്സവം വർണ്ണാഭമാക്കിയിരുന്നു.