javan

തൃശൂർ: തൃശൂർ പൂരത്തിന് വരാമെന്നു പറഞ്ഞ് പോയതായിരുന്നു ഷൺമുഖൻ. രണ്ടുമാസം കഴിഞ്ഞപ്പോൾ വീടിനു മുന്നിൽ ഒരു പൊലീസ് ജീപ്പ്. വീട്ടുകാരെ വിളിച്ച് പൊലീസുകാർ രഹസ്യമായി പറഞ്ഞു: പഞ്ചാബിൽ സിക്ക് തീവ്രവാദികളുടെ ആക്രമണത്തിൽ ഷൺമുഖൻ മരിച്ചു. മൃതദേഹം അവിടെ സംസ്‌കരിക്കും. നാട്ടിൽ കൊണ്ടുവരണമെങ്കിൽ ചെലവ് വീട്ടുകാർ വഹിക്കേണ്ടിവരും. രക്ഷാകർത്താക്കളിൽ ഒരാൾക്ക് പഞ്ചാബ് വരെ പോകാനുള്ള പണം ലഭിക്കും. ഭാഷയും ദേശവും അറിയാത്തതിനാൽ ആരും പോയില്ല. മാസം ഒന്നു കഴിഞ്ഞു. ഷൺമുഖന്റെ അസ്ഥികൾ സൂക്ഷിച്ച മൺകുടവും വസ്ത്രങ്ങളും മറ്റും വീട്ടിലെത്തി.
തൃശൂർ അമ്മാടത്ത് 27 വർഷം മുമ്പ് നടന്ന സംഭവമാണിതെങ്കിലും പുതുതലമുറയ്ക്കുവരെ ഷൺമുഖനെ അറിയാം.
അവർ ബസ് കയറുന്നത് ഷൺമുഖൻ സ്മാരക സ്‌റ്റോപ്പിൽ നിന്നാണ്. ചായ കുടിക്കുന്ന കടകളിൽ ഒന്ന് ജവാൻ ടീ ഷോപ്പുമാണ്. മകന്റെ ഓർമ്മയ്ക്കായി അച്ഛൻ രാഘവൻ പണി കഴിപ്പിച്ചതാണ് ഭാരതത്തിനു വേണ്ടി ജീവൻ അർപ്പിച്ച ജവാൻ ഷൺമുഖൻ സ്മാരകം എന്നെഴുതിയ ബസ്‌സ്റ്റോപ്പ്. സർക്കാർ ജോലിയും ജീവിതവും നൽകിയ സഹോദരന്റെ ഓർമ്മയ്ക്കായി ജ്യേഷ്ഠൻ ശ്രീനിവാസനാണ് ഹോട്ടലിന് ജവാൻ ടീ ഷോപ്പെന്ന പേരിട്ടത്.
1984 ജനുവരി 12ന് 17-ാം വയസിലാണ് അമ്മാടം കാരണത്ത് വീട്ടിൽ രാഘവൻ-ജാനകി ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനായ ഷൺമുഖൻ പട്ടാളത്തിൽ ചേർന്നത്. ഹൈദരാബാദിലായിരുന്നു പരിശീലനം. ബൈക്കിൽ സഹപ്രവർത്തകനോടൊപ്പം ക്യാമ്പിലേക്ക് പോകുന്നതിനിടെ വെടിയേറ്റാണ് ഷൺമുഖൻ മരിച്ചത്. 1992 ഏപ്രിൽ നാലിനായിരുന്നു സംഭവം.


ജവാൻ ടീ ഷോപ്പ്‌

ബസ് സ്റ്റോപ്പ് ഉദ്ഘാടനത്തിന്റെ നോട്ടീസ് അന്ന് രാഘവൻ നാട്ടിലാകെ വിതരണം ചെയ്തു. 1992 ഡിസംബർ 19ന് അന്നത്തെ കൃഷി മന്ത്രി പി.പി. ജോർജായിരുന്നു ഉദ്ഘാടകൻ. നോട്ടീസ് ഇന്നും ജവാൻ ടീ ഷോപ്പിലുണ്ട്. സൈനികനോടുള്ള ആദരമായി കേരള സർക്കാർ നൽകിയ ജോലി ഷൺമുഖന്റെ ജ്യേഷ്ഠൻ ശ്രീനിവാസന് ലഭിച്ചു. വൈകാതെ ശ്രീനിവാസന്റെ വിവാഹം നടന്നു. ഭാര്യ താരയ്ക്ക് ഒരു ജോലി എന്ന നിലയിൽ 2012ലാണ് ശ്രീനിവാസൻ ജവാൻ ടീ ഷോപ്പ് തുറന്നത്. അച്ഛൻ രാഘവന്റെ മരണത്തോടെ 12 വർഷം അടച്ചിട്ട സിറ്റി കേഫ് ഹോട്ടലാണ് ശ്രീനിവാസൻ ജവാൻ ടീ ഷോപ്പായി പുനർനാമകരണം ചെയ്തത്. മൂന്നു വർഷം മുമ്പ് സർവീസിൽ നിന്ന് റിട്ടയർ ചെയ്തതോടെ ശ്രീനിവാസനും താരയ്ക്കൊപ്പം ഹോട്ടൽ നടത്തിപ്പിൽ മുഴുകി.