മാള : അന്നമനട സർവീസ് സഹകരണ ബാങ്കിലെ പ്രതിമാസ നിക്ഷേപ പദ്ധതിയിൽ തട്ടിപ്പ് നടത്തിയതായി സി.പി.എം ആരോപണം. പദ്ധതിയിൽ ശേഖരിച്ച പണം നിക്ഷേപകന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് തട്ടിയെടുത്തതായാണ് സി.പി.എമ്മിന്റെ പരാതി. കളക്‌ഷൻ ഏജന്റ് ശേഖരിക്കുന്ന പണത്തിന് താത്കാലിക രശീതി കൊടുത്തിട്ടുണ്ടെങ്കിലും പാസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. 45 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും സി.പി.എം അന്നമനട ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ പരാതി കിട്ടിയപ്പോൾ തന്നെ കളക്‌ഷൻ ഏജന്റ് ബാങ്കിൽ അടയ്ക്കാതിരുന്ന പണം അടപ്പിച്ച ശേഷം അയാളെ ജോലിയിൽ നിന്ന് നീക്കിയതായും ബാങ്ക് അധികൃതർ വ്യക്തമാക്കി. നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഓരോ നിക്ഷേപകരെയും ബാങ്ക് നേരിട്ട് ബന്ധപ്പെട്ടുവെന്നും മറിച്ചുള്ള ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറി അറിയിച്ചു.