ചേർപ്പ്: ജൂബിലി തേവർപാടശേഖര കമ്മിറ്റി കർഷകരെ വഞ്ചിക്കുന്നതായി പടവ് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ. ചേർപ്പ് പാറളം പഞ്ചായത്തുകളിലെ നിരവധി കർഷകരാണ് തേവർ പടവ് ഭരണസമിതിയുടെ അവഗണന മൂലം ആനുകൂല്യങ്ങളും, അവകാശങ്ങളും ലഭിക്കാതെ വഞ്ചിതരാകുന്നത്.

മത്സ്യക്കൃഷിക്കായി സബ്‌സിഡി ഇനത്തിൽ ഒരു ഏക്കറിന് 3238 രൂപയും, വെള്ളം കയറി മത്സ്യം നഷ്ടപ്പെട്ട ഇനത്തിൽ 3320 രൂപയും ഫിഷറീസ് വിഭാഗം ജൂബിലി പടവ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. ഈ തുക കഴിഞ്ഞ ഡിസംബറിൽ പടവ് അക്കൗണ്ടിൽ എത്തിയിട്ടും കർഷകർക്ക് ഒരു ഏക്കറിന് 6558 രൂപ വീതം നൽകേണ്ട തുക നൽകിയിട്ടില്ലെന്ന് സമിതി ഭാരവാഹികൾ ആരോപിക്കുന്നു.

പ്രളയകാലത്ത് മോട്ടോർ സാമഗ്രികൾ നശിക്കുകയും നഷ്ടപ്പെടുകയും ചെയ്തിട്ടും സർക്കാർ ഈ നഷ്ടം നികത്തുകയാണ് ഉണ്ടായത്. എന്നാൽ ഇതിനായി കർഷകരിൽ നിന്ന് പിരിച്ചെടുത്ത തുക തിരിച്ചു നൽകിയിട്ടിലായെന്നും പമ്പിംഗ് കൂലി അടയ്ക്കാൻ വരുന്നവരിൽ നിന്ന് പലിശയും പിഴപ്പലിശയും ഈടക്കിയാതായി പരാതിയുണ്ട്.

മത്സ്യ ലേലം, താറാവ് തീറ്റ, താമരപ്പൂ കൃഷി, നടീൽ കരാർ, ട്രാക്ടർ വാടക, മോട്ടോർ സാമഗ്രികൾ വാങ്ങൽ, അന്യസംസ്ഥാനക്കാരെ തൊഴിലിന് നിറുത്തി ചണ്ടി വാരൽ, തെങ്ങ് - പച്ചമുളക് കൃഷി എന്നിവയുടെ പേരിൽ ഭരണ സമിതി അഴിമതി നടത്തിയതായി തേവർ പടവ് കർഷക സംരക്ഷണ സമിതി ഭാരവാഹികളായ വൈസ് ചെയർമാൻ കെ.ജി. മണികണ്ഠൻ, കൺവീനർ എൻ.ജി. അനിൽനാഥ്, ട്രഷറർ ഇ.എം. മദനൻ എന്നിവർ പറഞ്ഞു.

ഇതിനെതിരെ ജനകീയ കമ്മിറ്റിയെ ഭരണം ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് 11ന് രാവിലെ പത്തിന് ജൂബിലി പടവ് കമ്മിറ്റി ആഫീസിലേക്ക് കർഷക മാർച്ചും ധർണ്ണയും നടത്തും.