തൃശൂർ: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടത്തിയ സർവ്വേ പ്രകാരം രാജ്യത്ത് ഏറ്റവുമധികം മതിഭ്രമദായിനിയായി ഉപയോഗിക്കപ്പെടുന്നത് മദ്യമാണെന്നും 16 കോടി ആളുകൾ മദ്യപാനികളാണെന്നും കേന്ദ്ര സാമൂഹികനീതി മന്ത്രി രത്തൻ ലാൽ കഠാരിയ ലോകസഭയെ അറിയിച്ചു. മദ്യം കഴിഞ്ഞാൽ കഞ്ചാവാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. മൂന്ന് കോടിയിലധികം ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നു. കറുപ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകൾക്കാണ് പിന്നെ രാജ്യത്ത് കൂടുതൽ ആവശ്യക്കാരുള്ളത്. രണ്ടേകാൽ കോടി ജനങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ വേദന സംഹാരികൾ മയക്കുമരുന്നായി ഉപയോഗിക്കുന്നവർ ഏകദേശം രണ്ടുകോടിയോളം വരുമെന്ന് മയക്കുമരുന്നുകളുടെ ഇന്ത്യയിലെ ഉപയോഗത്തെ കുറിച്ച് കേന്ദ്ര സർക്കാർ നടത്തിയ സർവേയെ പറ്റിയുള്ള ടി.എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ദേശീയ ലഹരി ആസക്തി പരിഹാര കേന്ദ്രത്തിന്റെയും ഡൽഹി എ.ഐ.ഐ.എം.എസിൻ്റെ സഹകരണത്തോടെയാണ് കേന്ദ്ര മന്ത്രാലയം 2018ൽ ഈ സർവ്വേ സംഘടിപ്പിച്ചത്. രാജ്യത്ത് മൂന്നുകോടിയോളം ജനങ്ങൾ മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അരക്കോടിയോളം ആളുകൾ കഞ്ചാവിനും കറുപ്പിനും അടിമപ്പെട്ടുപോയെന്നും അവർ അതിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായും മന്ത്രി അറിയിച്ചു.