അരിമ്പൂർ: ആംബുലൻസിന്റെ വഴിമുടക്കി രോഗി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി തൃശൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ ഉത്തരവായി. ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ മാസം ജൂൺ അഞ്ചിന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ മനക്കൊടിയിൽ വെച്ച് ദിശതെറ്റിച്ച് വന്ന് ആംബുലൻസിന് തടസം സൃഷ്ടിച്ച കേസിൽ മണിക്കുട്ടൻ എന്ന ബസിന്റെ ഡ്രൈവർ മനക്കൊടി തോട്ടപ്പിള്ളി ഹൗസിൽ ടി.എഫ് ഫ്രുജിലിനെതിരെയാണ് നടപടി..
ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫർ കുറ്റിലക്കടവ് തൃശൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ ജില്ലാ കളക്ടർക്കും, സിറ്റി പൊലീസ് കമ്മിഷണർ, ഗതാഗതമന്ത്രി എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയത്. നേരത്തെ സംഭവം വിവാദമായതോടെ തൃശ്ശൂർ വെസ്റ്റ് പൊലീസ് ഡ്രൈവറുടെ പേരിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനും, ഗതാഗത തടസം സൃഷ്ടിച്ചതിനും പെറ്റികേസ് ചാർജ്ജ് ചെയ്ത് ഡ്രൈവറെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയത്.