ചാലക്കുടി: നിർമ്മാണം നടക്കുന്ന ആധുനിക പാർക്കിലെ ഇഷ്ടികച്ചൂള ഇടിമിന്നലിൽ തകർന്നു. ശക്തമായ മിന്നലിൽ ചൂളയുടെ പലഭാഗത്തും ഇഷ്ടികകൾ തെറിച്ചുവീണു. 90 വർഷത്തോളം പഴക്കമുള്ള ചൂളയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്. കൂടുതൽ മിന്നലേറ്റ അടിഭാഗത്ത് നിരവധി ഇഷ്ടികകൾ പൊട്ടിവീണു. ഇതോടെ പാർക്കിലെ ഏറ്റവും ആകർഷകമായി കണക്കാക്കുന്ന ചൂളയ്ക്ക് ബലക്ഷയം സംഭവിച്ചതായി സംശയിക്കുന്നു. സാങ്കേതിക വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷമെ ഇനി ചൂളയുടെ നിലനിൽപ്പ് എന്താകുമെന്ന് ഉറപ്പാക്കാനാകൂ.
1929ൽ ജർമ്മനിയിലെ എൻജിനിയർമാരാണ് 100 അടി ഉയരമുള്ള ഇഷ്ടികച്ചൂള നിർമ്മിച്ചത്. കൊച്ചിൻ സർക്കാരിന്റെ വകയായി കൊച്ചിൻ പോട്ടറീസ് എന്ന കമ്പനി സ്ഥാപിച്ച് ഭരണികളും പാത്രങ്ങളും നിർമ്മിക്കലായിരുന്നു ലക്ഷ്യം. ഇരുന്നൂറോളം ജീവനക്കാരുമായി പതിറ്റാണ്ടുകൾ പ്രവർത്തിച്ച ശേഷം പിന്നീട് കമ്പനി റിഫ്രാക്ടറിസ് എന്ന പേരിൽ പൊതുമേഖാ സ്ഥാപനമാക്കി ഇഷ്ടിക നിർമ്മാണം ആരംഭിച്ചിരുന്നു. നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കിവന്നപ്പോൾ സംസ്ഥാന സർക്കാർ കമ്പനി അടച്ചുപൂട്ടി.
വെറുതെ കിടന്ന സ്ഥലം ഏതാനും വർഷം മുമ്പാണ് വ്യവസായ വകുപ്പ് ആധുനിക പാർക്ക് നിർമ്മാണത്തിന് ചാലക്കുടി നഗരസഭയ്ക്ക് കൈമാറിയത്. നാലു കോടി രൂപ ചെലവിൽ ടൂറിസം വകുപ്പും നഗരസഭയും ചേർന്നാണ് രണ്ടുവർഷം മുമ്പ് ആധുനിക പാർക്ക് നിർമ്മാണത്തിന് തുടക്കമിട്ടത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചാലക്കുടി റിഫ്രാക്ടറീസ് കമ്പനിയുടെ കെട്ടിടങ്ങൾ എല്ലാം പൊളിച്ചു നീക്കിയെങ്കിലും ഇഷ്ടികച്ചൂള നിലനിറുത്തി.
ചരിത്ര സ്മാരകം നിലനിറുത്തുന്നതോടൊപ്പം പാർക്കിലെ ഏറ്റവും ആകർഷണമാക്കുകയുമായിരുന്നു ലക്ഷ്യം. ഇടിമിന്നലിൽ ചൂള തകർന്ന സ്ഥലത്ത് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർമാരായ യു.വി. മാർട്ടിൻ, ഷിബു വാലപ്പൻ എന്നിവരെത്തി പരിശോധിച്ചു.
രക്ഷാകവചം കേടായത് വിന
ചൂളയ്ക്ക് മുകളിലെ മിന്നൽ രക്ഷാചാലകം പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനിടെ കേടുവരുത്തിയതാണ് ഇടിമിന്നലിൽ തകരാനിടയാക്കിയത്. മിന്നലുണ്ടായാൽ വൈദ്യുത പ്രവാഹം ഭൂമിയിലേക്കിറക്കുന്ന ചെമ്പു തകിട് മുറിഞ്ഞുപോയിരുന്നു. ഇവിടെ നിന്നാണ് മിന്നൽ വൈദ്യുതി നേരിട്ട് ചൂളിയിലേക്ക് വ്യാപിച്ചത്.
കമ്പനി ചരിത്രം വിചിത്രം
100 അടി ഉയരമുള്ള ചൂള നിർമ്മിച്ചത് 1929ൽ ജർമ്മൻ എൻജിനിയേഴ്സ്
പിന്നീട് കൊച്ചിൻ പോട്ടറീസ് എന്ന മൺപാത്ര നിർമ്മാണ കമ്പനിയാക്കി
റിഫ്രാക്ടറിസ് എന്ന പൊതുമേഖാ ഇഷ്ടിക നിർമ്മാണ കമ്പനിയാക്കി മാറ്റി
200 ഓളം ജീവനക്കാരുണ്ടായ കമ്പനി ഒടുവിൽ നിറുത്തിയത് നഷ്ടത്തിൽ
വെറുതെ കിടന്ന സ്ഥലം ആധുനിക പാർക്ക് നിർമ്മാണത്തിന് നഗരസഭയ്ക്ക്
4കോടി ചെലവിൽ 2 വർഷം മുമ്പ് ആധുനിക പാർക്ക് നിർമ്മാണം തുടങ്ങി