ചാലക്കുടി: പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണം തിരിച്ചെടുത്ത് കൂടുതൽ സംഖ്യയ്ക്ക് വീണ്ടും പണയപ്പെടുത്താനെന്ന വ്യാജേന തൃശൂരിലെ ധനകാര്യ സ്ഥാപനത്തിന്റെ 2.1 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. എറണാകുളം എളമക്കര സ്വദേശിനി സൗമ്യ സുകുമാരനെയാണ് (26) ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ചേർന്ന് കോഴിക്കോട് കുന്ദമംഗലത്തു നിന്നും അറസ്റ്റ് ചെയ്തത്.
ചാലക്കുടി നോർത്തിലുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ വച്ച് പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണങ്ങൾ എടുത്ത് വീണ്ടും പണയം വയ്ക്കുവാൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തൃശൂരിലെ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരെ കബളിപ്പിച്ചത്. കഴിഞ്ഞ ജൂൺ 27നായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് ഫോൺ മുഖാന്തിരം ബന്ധപ്പെട്ട യുവതി തന്റെ പേര് ഗായത്രി എന്നാണെന്നും 18 പവൻ സ്വർണ്ണാഭരണം പണയത്തിലിരിക്കുകയാണെന്നും അറിയിച്ചു. എത്രയും പെട്ടെന്ന് ബാങ്കിൽ നിന്ന് എടുത്തില്ലെങ്കിൽ അത് ലേലം ചെയ്ത് പോകുമെന്നും പറഞ്ഞു. കൂടപ്പുഴയിലുള്ള വീട്ടിൽ താമസിച്ചു വരികയാണെന്നും ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞ യുവതി സ്ഥാപനത്തിലെ ജീവനക്കാരെ ഇവിടേക്ക് വിളിച്ചു വരുത്തി.
ജീനവക്കാരെ തന്ത്രപൂർവ്വം പുറത്തു നിർത്തിയ ഇവർ ബാങ്കിലേക്ക് കയറിപ്പോയി മാനേജരുമായി സംസാരിച്ചു. ബാത്ത്റൂം എവിടെയാണെന്നാണ് ഇവർ ചോദിച്ചതെന്ന് പറയുന്നു. വീണ്ടും പുറത്തുവന്ന് ജീവനക്കാരിൽ നിന്നും പണം വാങ്ങി, തിരിച്ച് ബാങ്കിലെത്തി ഇവർ ബാത്ത്റൂമിലേക്ക് കടക്കുകയും ചെയ്തു. അവിടെ വച്ച് ബാഗിലുണ്ടായിരുന്ന പർദ്ദയും ധരിച്ചു. ഇവർ തിരിച്ചിറങ്ങിപ്പോയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ആളെ പൊലീസ് തരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണത്തിൽ സമാനമായ തട്ടിപ്പ് ഇവർ നടത്തിയെന്നും വ്യക്തമായി. ചാലക്കുടി സി.ഐ ജെ. മാത്യു , എസ്.ഐമാരായ കെ.എസ്. സന്ദീപ്, കെ.വി. സുധീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണൻ, വനിതാ സി.പി.ഒ സജിനി ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.