ഒല്ലൂർ: സഭാതർക്കത്തെ തുടർന്ന് പള്ളി പൂട്ടിയതിനെ തുടർന്ന് സംസ്‌കരിക്കാൻ സ്ഥലമില്ലാതെ യാക്കോബായ വിഭാഗക്കാർ സംസ്കാര ശുശ്രൂഷകൾ മാന്ദാമംഗലം പള്ളിക്ക് നൂറ് മീറ്റർ അകലെ നടുറോഡിൽ നടത്തി. വെട്ടുകാട് കിഴക്കേമലയിൽ ചാക്കോയാണ് (69 ) ചൊവ്വാഴ്ച രാവിലെ നിര്യാതനായത്. തുടർന്ന് മൃതദേഹം സംസ്‌കരിക്കാനായി മാന്ദാമംഗലം പള്ളിക്ക് സമീപം സ്വകാര്യവ്യക്തി വാങ്ങിച്ച 25 സെന്റ് സ്ഥലത്തു സംസ്‌കരിക്കാൻ കൊണ്ടുപോയെങ്കിലും പള്ളിക്ക് സമീപം വച്ച് പൊലീസ് തടയുകയായിരുന്നു.
കോടതി ഉത്തരവ് മൂലം പൂട്ടിയിട്ട പള്ളിക്ക് സമീപം മൃതദേഹം കൊണ്ടുപോകാൻ പറ്റില്ലെന്നായിരിരുന്നു പൊലീസിന്റെ ഭാഷ്യം. വൈകിട്ട് നാലോടെ വീട്ടിൽ നിന്നെടുത്ത മൃതദേഹം അഞ്ചിന് പൊലീസ് തടഞ്ഞു. തുടർന്ന് ശവമഞ്ചം നടുറോഡിൽ ഇറക്കി വയ്ക്കുകയായിരിക്കുന്നു. 250 ഓളം യാക്കോബായ വിശ്വാസികൾ മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് എ.സി.പി വി.കെ രാജു സ്ഥലത്തെത്തുകയും യാക്കോബായ വൈദികരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് ആർ.ഡി.ഒ പി. വി വിഭൂഷൻ സ്ഥലത്തെത്തുകയും വൈദികരുമായി ചർച്ച നടത്തുകയായിരുന്നു. തുടർന്ന് പള്ളിയോട് ചേർന്ന് യാക്കോബായ വിഭാഗം വാങ്ങിയിരുന്ന 25 സെന്റ് ഭൂമിയിൽ ഒരു സെന്റ് സ്ഥലം മരിച്ചയാളുടെ മകന്റെ പേരിലുള്ളതായതിനാൽ രാത്രി എട്ടോടെ ഈ സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാൻ അനുവാദം നൽകി..