തൃശൂർ: മേയറുടെ ചട്ടവിരുദ്ധ നടപടികളെ ചൊല്ലിയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ കോർപറേഷൻ കൗൺസിൽ യോഗം അലങ്കോലപ്പെട്ടു. ജൂൺ 6ന് ചേർന്ന കൗൺസിലിൽ വായിക്കുകപോലും ചെയ്യാത്ത 42 അജണ്ടകൾ പാസായതായുള്ള മേയറുടെ നടപടിയെ ചോദ്യം ചെയ്തും അവ ചർച്ച ചെയ്യുന്നതിനും കോൺഗ്രസിലെ 19 അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇന്നലെ സ്പെഷൽ കൗൺസിൽ വിളിച്ചുചേർത്തത്.
ചട്ടവിരുദ്ധമായ തീരുമാനം പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം മേയർ അജിത വിജയൻ അവഗണിച്ചതോടെയാണ് കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്. പ്രതിഷേധമുണ്ടെങ്കിലും ബി.ജെ.പി കൗൺസിലർമാർ നടുത്തളത്തിലിറങ്ങിയില്ല. മേയറുടെ നടപടി ജനാധിപത്യകശാപ്പാണെന്ന് പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദനും മേയറുടെ ചട്ടലംഘനത്തിനെതിരെ കോടതിയിൽ സമീപിക്കുമെന്ന് ജോൺ ഡാനിയലും അവിശ്വാസം കൊണ്ടുവന്ന് മേയറുടെ ചട്ടവിരുദ്ധവാഴ്ച അവസനിപ്പിക്കുമെന്ന് പ്രസാദും പറഞ്ഞു. ഫ്രാൻസിസ് ചാലിശ്ശേരി, അഡ്വ.സുബി ബാബു എന്നിവരും പ്രസംഗിച്ചു. മേയറുടെ ചട്ടവിരുദ്ധ തീരുമാനങ്ങൾ പ്രതിഷേധാർഹമാണെന്നും 100 കോടി കടമെടുക്കുന്നതു അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ബി.ജെ.പിയിലെ കെ. മഹേഷ് പറഞ്ഞു.