തൃശൂർ: നാടൻ ചെറുപഴങ്ങൾ ആവശ്യത്തിന് കിട്ടാനില്ല. ഉള്ളവയ്ക്ക് തീ വിലയും. അതേസമയം നേന്ത്രപ്പഴത്തിന് വില കുറഞ്ഞു. രണ്ടാഴ്ച കൊണ്ട് മിക്ക ചെറുപഴങ്ങൾക്കും പത്തു മുതൽ 30 രൂപ വരെ വിലകയറി. ആവശ്യക്കാർ കുറവുള്ള റോബസ്റ്റയ്ക്ക് ഇന്നലെ ചില്ലറവില കിലോഗ്രാമിന് 45 രൂപയാണ്. മുമ്പ് 25 മുതൽ 30 രൂപയായിരുന്നു. മഴക്കാലത്ത് ചെറുപഴങ്ങൾക്ക് വില കുതിച്ചുകയറുന്നത് ഇതാദ്യമാണെന്ന് വ്യാപാരികൾ പറയുന്നു.
രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 70 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് ഇന്നലെ 60 രൂപയായി. കർഷകർക്ക് ലഭിക്കുന്നത് കിലോഗ്രാമിന് 37 രൂപ മാത്രമാണ്. തൃശിനാപ്പിള്ളി, മേട്ടുപ്പാളയം, പുതുക്കോട്ടൈ തുടങ്ങി തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ധാരാളം നേന്ത്രപ്പഴങ്ങൾ കൂടുതലായി എത്താൻ തുടങ്ങിയതാണ് വില കുറയാൻ കാരണം. ഇടത്തട്ടുകാരുടെ ചൂഷണവും മറ്റൊരു കാരണമാണ്.
കഴിഞ്ഞ വർഷം ചെറുപഴങ്ങൾ കൂടുതലായി കൃഷി ചെയ്ത കർഷകർക്ക് ശരാശരിയിലധികം വില കുറച്ച് ലഭിച്ചതിനാൽ ഇക്കുറി എല്ലാവരും നേന്ത്രവാഴയിലേക്ക് തിരിഞ്ഞു. വിപണിയിലെത്തുന്ന ചെറുപഴത്തിന്റെ അളവ് കുറയാനും ഉള്ളതിന് വില കൂടാനും കാരണം ഇതാണ്. പാളയംകോടന് കഴിഞ്ഞ സീസണിൽ കർഷകർക്ക് ലഭിച്ചത് കിലോഗ്രാമിന് എട്ടുരൂപയായിരുന്നു.
ഞാലിപ്പൂവൻ, പൂവൻപഴം, അമൃതവാഹിനി, പാളയംകോടൻ എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. ഞാലിപ്പൂവന് കിലോഗ്രാമിന് 80 രൂപയും പൂവൻപഴത്തിന് 55 രൂപയും വിലയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഇക്കുറി ധാരാളമായി നേന്ത്രക്കായകൾ വിപണിയിലെത്തുന്നുണ്ട്. കർക്കടകവാവിനായി വച്ച കുലകളാണ് ഇപ്പോൾ മൂപ്പെത്തി കർഷകർ വെട്ടിയെടുക്കുന്നത്. ഓണവിപണിക്കായി വച്ച വാഴകൾ അടുത്ത മാസം പകുതിയോടെ മാത്രമേ കർഷകർ വെട്ടാൻ തുടങ്ങൂ. ചെങ്ങാലിക്കോടന് മാത്രമാണ് മികച്ച വില ലഭിക്കുന്നുണ്ട്. ഇന്നലെ കിലോഗ്രാമിന് 80 രൂപയായിരുന്നു വില. ഓണ വിപണിയിൽ കഴിഞ്ഞ തവണ ചെങ്ങാലിക്കോടന്റെ വില 150 കടന്നിരുന്നു. ഇക്കുറിയും ഇതേ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. നെടുനേന്ത്രൻ തമിഴ്‌നാട്ടിൽ നിന്ന് സുലഭമായി വരുന്നതാണ് നാടൻ നെടുനേന്ത്രന് വിലത്തകർച്ചയ്ക്ക് കാരണം.
പഴം വില
ഇന്നലെ, രണ്ടാഴ്ച മുമ്പ്
റോബസ്റ്റ 35- 25
ഞാലിപ്പൂവൻ 80-55
പാളയംകോടൻ 40-30
കദളി 140-120
അമൃതവാഹിനി 40-30
പൂവൻ 55-45
കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാനുള്ള നടപടികൾ ഉണ്ടാകണം. പലരും വൻതുക വായ്പയെടുത്ത് കൃഷി ഇറക്കിയവരാണ്. കഴിഞ്ഞ തവണ പ്രളയത്തിൽ വൻ നഷ്ടമാണ് കർഷകർക്കുണ്ടായത്. അതിൽ നിന്ന് അവർ കര കയറിവരുന്നതേയുള്ളു. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിച്ച് അർഹമായ വില കർഷകർക്ക് ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം
-ബിന്നി ഇമ്മട്ടി ( കേരള ഫ്രൂട്ട്സ് സമിതി, രക്ഷാധികാരി)