തൃശൂർ: വിയ്യൂർ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്ന് ഇന്ന് മുതൽ ഓൺലൈൻ ബുക്കിംഗിലൂടെ 'ഫ്രീഡം കോംപോ ലഞ്ച്' വിതരണം ചെയ്യും. ഒരു ചിക്കൻ ബിരിയാണി, മൂന്ന് ചപ്പാത്തി, കോഴിക്കറി, ഒരു ബോട്ടിൽ മിനറൽ വാട്ടർ,ഒരു കപ്‌കേക്ക് ഉൾപ്പെടെയുള്ള ലഞ്ച് പാക്കറ്റിന് 127 രൂപയാണ് വില. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ അപ്‌ളിക്കേഷനിൽ രാവിലെ 11 മുതൽ ജയിൽഫുഡും കയറും. വിയ്യൂർ സെൻട്രൽ ജയിലിന്റെ ആറു കിലോമീറ്റർ ചുറ്റളവിലാണ് ആദ്യ ഘട്ടത്തിൽ വിതരണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയിലിൽ നിന്ന് ഓൺലൈൻ വഴി ഭക്ഷണം പുറംലോകത്തെത്തുന്നത്.
ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പിയായ ശേഷം നൽകിയ നിർദ്ദേശപ്രകാരമാണിത്. അത് ആദ്യം നടപ്പിലാക്കുകയാണ് വിയ്യൂർ ജയിൽ. പ്രത്രേ്യക ടിന്നുകളിൽ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പർ ബാഗിലാണ് ലഭിക്കുക. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് ഭക്ഷണം ലഭിക്കുക. ഇന്ന് ഉച്ചയ്ക്ക് 12ന് ജയിൽ കവാടത്തിന് സമീപമുള്ള വെള്ളം വിൽപ്പന കൗണ്ടറിൽ ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ജയശ്രീ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

വിഭവങ്ങൾ :
1. 300 ഗ്രാം ബിരിയാണി റൈസ്
2. റോസ്റ്റഡ് ചിക്കൻ ലെഗ് പീസ്
3. മൂന്ന് ചപ്പാത്തി
4. ചിക്കൻ കറി
5. മിനറൽ വാട്ടർ
6. കപ്‌കേക്ക്
7 സലാഡും അച്ചാറും