ചാവക്കാട്: ചാവക്കാട് നഗരത്തിലൂടെ 'മെഹറിൻ' എന്ന ഓട്ടോ കുതിച്ചുപായുമ്പോൾ എല്ലാവരുമൊന്ന് സൂക്ഷിച്ചു നോക്കും. നൂറുകണക്കിന് ഓട്ടോകൾ തലങ്ങും വിലങ്ങും പായുന്ന ചാവക്കാട് നഗരത്തിൽ 'മെഹറിനി'ലേക്ക് ശ്രദ്ധതിരിയുന്നതിനൊരു കാരണമുണ്ട്. നാൽപ്പത്തിയേഴുകാരി സുലൈഖയാണ് മെഹറിന്റെ സാരഥി. വെറും ഒരു ഓട്ടോക്കാരി മാത്രമല്ല ചാവക്കാട് തെക്കഞ്ചേരി സ്വദേശിനിയായ സുലൈഖ. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന രാഷ്ട്രീയക്കാരി കൂടിയായ വീട്ടമ്മയാണവർ. രാഷ്ട്രീയം വ്യക്തമാക്കിയാൽ വനിതാ ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറിയാണെന്നു പറയാം.
നാലു മാസം മുമ്പാണ് പുരുഷൻമാർ മാത്രം ഡ്രൈവർമാരായുള്ള ചാവക്കാട് നഗരത്തിലെ ഓട്ടോ രംഗത്തേക്ക് സുലൈഖയെത്തുന്നത്. അതും നഗരസഭയുടെ ശുപാർശയിൽ ലഭിച്ച പെർമിറ്റോടു കൂടി. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബറിന്റെയും വാർഡ് കൗൺസിലർ എ.എച്ച് അക്ബറിന്റെയും സഹായത്തോടേയാണ് സുലൈഖക്ക് സ്വന്തം ഓട്ടോറിക്ഷയെന്ന സ്വപ്‌നം പൂവണിഞ്ഞത്. ഒപ്പം പാർട്ടിയുടെ സഹായവും ലഭിച്ചു. ഇപ്പോൾ മുനിസിപ്പൽ സ്‌ക്വയറിലെ പാർക്കിലെ ഡ്രൈവറാണ് സുലൈഖ. 47 ഓട്ടോറിക്ഷകളാണ് ഈ പാർക്കിലുള്ളത്. വീട്ടിലെ ജോലി കഴിഞ്ഞ് രാവിലെ ഏഴിന് തന്നെ സുലൈഖ ഓട്ടോയുമായിറങ്ങും. തിരിച്ച് രാത്രി ഏഴോടേയാണ് മടക്കം. ഓട്ടോയിലൂടെ തനിക്ക് വരുമാനവും സുരക്ഷിതത്വവും മാത്രമല്ല, മറ്റുള്ളവർക്ക് സേവനവും നൽകാൻ കഴിയുന്നുണ്ടെന്നാണ് സുലൈഖയുടെ അഭിപ്രായം. ടൗണിൽ വന്നിട്ട് വെറും കൈയോടെ മടങ്ങേണ്ട അവസ്ഥ വന്നിട്ടില്ലെന്നും ടൗണിലെ എല്ലാ ഓട്ടോക്കാരും നല്ല സഹകരണമേകുന്നുണ്ടെന്നും നഗരത്തിലെ ആദ്യത്തെ വനിതാ ഡ്രൈവർകൂടിയായ സുലൈഖ പറയുന്നു.