മാള: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കുഴൂർ സർക്കാർ ഹൈസ്‌കൂളിന് ഗുണകരമായെങ്കിലും പിടിവിടാതെ ശനിദശ തുടരുന്നു. വിവിധ വിഷയങ്ങളിൽ ഏറെനാളായി തർക്കം മുറുകിയപ്പോൾ പി.ടി.എ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനാ നേതാക്കളും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിയിരിക്കുകയാണ്.

യാത്രാക്ലേശം രൂക്ഷമായ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കായി മുൻ എം.പി ഇന്നസെന്റ് സ്‌കൂൾ ബസ് അനുവദിച്ചെങ്കിലും നടപടി പൂർത്തിയാക്കാനായില്ല. സ്‌കൂൾ അധികൃതരുടെ അനാസ്ഥ കൊണ്ടാണ് ബസ് ലഭിക്കാതെ പോയതെന്നാണ് ആരോപണം. ബസ് വാങ്ങുന്നതിനുള്ള കുറഞ്ഞ തുകയ്ക്ക് അംഗീകാരം നൽകിയെങ്കിലും സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

എയർ റൈഫിൾ ഷൂട്ടിംഗ് റേഞ്ചിന്റെ പദ്ധതി റിപ്പോർട്ട് നൽകാതെ നഷ്ടപ്പെടുത്തിയതായും മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഉപ ഡയറക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് 80,300 രൂപ സമാഹരിച്ച് ഷൂട്ടിംഗ് റേഞ്ച് തയ്യാറാക്കി ഉപകരണങ്ങളും യന്ത്രങ്ങളും വാടകയ്ക്കെടുത്ത് തുടങ്ങിയ പദ്ധതിയുടെ ഉദ്‌ഘാടനം 2019 മാർച്ച് 29നായിരുന്നു.

സ്‌കൂളിൽ സ്ഥിരം ഇൻഡോർ എയർ റൈഫിൾ ഷൂട്ടിംഗ് റേഞ്ച് സജ്ജമാക്കാനും അവധിക്കാലത്ത് പരിശീലനത്തിന് തുറന്നുകൊടുക്കാനും അധികൃതർ തയ്യാറായില്ലെന്നും പരാതിയിലുണ്ട്. കൊച്ചിൻ ബിനാലെയുടെ ചിത്രകലാകാരന്മാർ കുട്ടികൾക്ക് നൽകിയിരുന്ന പരിശീലനം തടസപ്പെടുത്തിയതായും പരാതി ഉയരുന്നു. പി.ടി.എയുടെ കണക്കുകളും കൃത്യമായി അവതരിപ്പിക്കാത്ത അവസ്ഥയിലാണെന്നാണ് മറ്റൊരു പരാതി.

പി.ടി.എ പ്രസിഡന്റ് ടി.സി. വിനുമോനാണ് ഗുരുതര ആരോപണങ്ങളുള്ള പരാതി നൽകിയിരിക്കുന്നത്. എന്നാൽ പി.ടി.എയുടെ പരാതിയിൽ അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതി ഗൗരവത്തിലെടുക്കാത്തത് ചില സി.പി.എം നേതാക്കളിലും അഭിപ്രായ ഭിന്നത ഉണ്ടാക്കിയതായി സൂചനയുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടിയ സ്‌കൂളിൽ ഈ വർഷം പുതിയതായി 76 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.

അതേസമയം പരാതി സംബന്ധിച്ച് പറഞ്ഞു കേൾക്കുന്ന അറിവേയുള്ളൂവെന്നും വകുപ്പിൽ നിന്നുള്ള യാതൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌കൂൾ പ്രധാനാദ്ധ്യാപിക വ്യക്തമാക്കി. പരാതികൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതരിൽ നിന്ന് അറിയാതെ പ്രതികരിക്കാൻ കഴിയില്ലെന്നും പ്രധാനദ്ധ്യാപിക അംബിക അറിയിച്ചു. പി.ടി.എക്കുള്ളിലെ തർക്കമാണ് പരാതികൾക്ക് ഇടയാക്കിയതെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിദ്യാലയത്തിന്റെ മികവിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.

പരാതിയിലെ ആരോപണം

ഇന്നസെന്റ് എം.പിയായിരുന്നപ്പോൾ അനുവദിച്ച ബസ് നടപടിക്രമം പാലിക്കാതെ നഷ്ടപ്പെടുത്തി

അദ്ധ്യാപകരും രക്ഷിതാക്കളും സഹകരിച്ച് ഒരുക്കിയ ഷൂട്ടിംഗ് റേഞ്ച് നിസഹകരണം കൊണ്ട് തകർത്തു

കൊച്ചിൻ ബിനാലെയിലെ ചിത്രകാരൻമാർ കുട്ടികൾക്ക് നൽകിയ പരിശീലനം തടസപ്പെടുത്തി

സ്കൂൾ പി.ടി.എയുടെ കണക്കുകൾ കൃത്യമായി അവതരിപ്പിക്കാത്ത അവസ്ഥയെന്നും ആരോപണം

നൂറുശതമാനം വിജയം നേടിയ സ്കൂളിൽ നവാഗതരുടെ എണ്ണം കുറഞ്ഞുപോയതായും പരാതിയിൽ